‘നക്ഷത്രങ്ങളുടെ രാജകുമാരൻ’; മമ്മൂട്ടിയുടെ അപൂർവ ഡോക്യുമെന്ററി റിലീസ് ചെയ്ത് ദൂരദർശൻ

By Web TeamFirst Published Sep 28, 2021, 5:28 PM IST
Highlights

മമ്മൂട്ടിയുടെ ജന്മ നാടായ ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലൂടെയുമാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക്(mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപതിന്റെ നിറവിൽ എത്തിയ പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പുള്ള മമ്മൂട്ടിയുടെ ഡോക്യുമെന്ററി(documentary) ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുകയാണ് ദൂരദർശൻ(doordarshan). 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്.

മമ്മൂട്ടിയുടെ ജന്മ നാടായ ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലൂടെയുമാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെ കുറിച്ച് പറയുന്നത് വീഡിയോയിൽ കാണാം. കുഞ്ഞു ദുൽഖറുമൊക്കെ ഡോക്യുമെന്ററിയിലൂടെ വന്നുപോകുന്നുണ്ട്.

എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്, മോഹൻലാൽ, കെ. മധു, ലോഹിതദാസ്, രജനീകാന്ത് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

തോമസ് ടി. കുഞ്ഞുമോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ അവതാരകൻ വി.കെ. ശ്രീരാമനാണ്. കള്ളിക്കാട് രാമചന്ദ്രനാണ്  തിരക്കഥ ഒരുക്കിയത്. സംഗീതം- മോഹന്‍സിത്താര,  ഛായാഗ്രഹണം- ഡി. തങ്കരാജ്, വിവരണം- രവി വള്ളത്തോള്‍, എഡിറ്റിങ് ശിവകുമാർ.

click me!