
ഹൈദരാബാദ്: പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ എസ്. നാരായണിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസ്. ഭർത്താവ് പവനും മാതാപിതാക്കളും ചേർന്ന് വീട്ടിൽനിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ എന്ന പേരിൽ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി നാരായണനും കുടുംബവുമാണെന്നും പവിത്ര പരാതിയിൽ പറയുന്നു. ജ്ഞാനഭാരതി പൊലീസ് ആണ് പവിത്രയുടെ പരാതിയിൽ കേസ് എടുത്തത്. നേരത്തെ നാരായണിന്റെ 3.5 ലക്ഷം രൂപയും ചെക്ക് ബുക്കുകളുൾപ്പെടെയുള്ള രേഖകളും കാറിൽ നിന്നും കവർച്ച നടന്നത് വലിയ വാർത്തയായിരുന്നു. സ്യൂട്ട്കേസോടെ ആയിരുന്നു തട്ടിയെടുത്തത്. നാരായൺ ബാങ്കിലേക്ക് പോയപ്പോൾ ഡ്രൈവർ അടുത്തുള്ള കടയിൽ പോയിരുന്നു. ഈ അവസരത്തിലായിരുന്നു കവര്‍ച്ച നടന്നത്.
കന്നഡ ചലച്ചിത്ര നിർമ്മാതാവും, സംവിധായകനും, നടനും, ഗാനരചയിതാവുമാണ് എസ്. നാരായൺ. ചൈത്രദ പ്രേമാഞ്ജലി (1992) എന്ന റൊമാന്റിക് ഡ്രാമയിലൂടെയാണ് നാരായൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. അനുരാഗദ അലേഗലു (1992), മേഘ മാലെ (1994), തവരിന തോട്ടിലു , ബേവു ബെല്ല തുടങ്ങിയ സിനിമകളും ഹിറ്റായി. മറാത്തി ചിത്രമായ സൈരാത്തിൻ്റെ റീമേക്കായ നാ പന്ത കാനോയും മനസു മല്ലിഗെയും നാരായൺ സംവിധാനം ചെയ്തിരുന്നു. 2000ത്തിൽ, സൂര്യ വംശ , സിംഹാദ്രിയ സിംഹ , ചെലുവിന ചിത്താര തുടങ്ങിയ റീമേക്ക് സിനിമകളും നാരായൺ സംവിധാനം ചെയ്തു.