'ഇനി ഈ ചാറ്റുകള്‍ ഇല്ല'; കിം കി ഡുക്കിനെ തന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതിനെക്കുറിച്ച് ഡോ. ബിജു

By Web TeamFirst Published Dec 11, 2020, 11:14 PM IST
Highlights

കിമ്മിനോട് താന്‍ നടത്തിയ ഒരു അന്വേഷണത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡോ. ബിജു

വിഖ്യാത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്‍റെ വിയോഗവാര്‍ത്ത മലയാളി സിനിമാ ആസ്വാദക സമൂഹം വേദനയോടെയാണ് കേട്ടത്. കേരളത്തില്‍ അത്രയും ആരാധകരുള്ള സംവിധായകനായിരുന്നു അദ്ദേഹം. ഇപ്പോഴിതാ കിമ്മിനോട് താന്‍ നടത്തിയ ഒരു അന്വേഷണത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡോ. ബിജു. കിമ്മുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു ബിജു. തന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെന്ന് പറയുന്നു അദ്ദേഹം, കിമ്മുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

"ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി  ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്‍റെ സിനിമയിൽ  അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി... പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും... എന്തൊരു വര്ഷമാണീ 2020...", ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് കിം കി ഡുക്ക്. 2013ല്‍ മേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയായിരുന്നു മരണം. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!