കിം കി ഡുക്ക്; വിവാദങ്ങളുടെയും തോഴന്‍

By Web TeamFirst Published Dec 11, 2020, 9:47 PM IST
Highlights

കിമ്മിന്‍റെ ചിത്രങ്ങള്‍ സ്ത്രീവിരുദ്ധതയുടെ കൃത്യമായ മാതൃകകളാണെന്നായിരുന്നു തെക്കന്‍ കൊറിയയില്‍ നിന്നുയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. കിം കി ഡുക്ക് ചിത്രങ്ങളിലെ ഹിംസയില്‍ എപ്പോഴും കര്‍തൃത്വസ്ഥാനത്ത് പുരുഷനാണെന്നും സ്ത്രീകളുടെ കാഴ്ചപ്പാട് എവിടെയും കടന്നുവരുന്നില്ലെന്നുമൊക്കെ വിമര്‍ശനമുയര്‍ന്നു. സൗത്ത് കൊറിയയിലെ സ്ത്രീപക്ഷ സംഘടനകള്‍ എക്കാലവും ഈ സംവിധായകന് എതിരായിരുന്നു.

സൗത്ത് കൊറിയയില്‍ നിന്നുള്ള കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 'സാംസ്‍കാരിക കയറ്റുമതി'യായിരുന്നു കിം കി ഡുക്ക് സിനിമകള്‍. കാന്‍സിലും വെനീസിലും ബെര്‍ലിനിലും പുരസ്കാരങ്ങള്‍ നേടിയ ഒരേയൊരു സൗത്ത് കൊറിയന്‍ സംവിധായകന്‍. പക്ഷേ ആ സിനിമകള്‍ പോലെതന്നെ കിം കി ഡുക്ക് എന്ന കലാകാരനും കരിയറിലുടനീളം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്, അവയ്ക്കൊക്കെ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നുവെങ്കിലും.

അന്തര്‍ദേശീയ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലും വിദൂരമായ കേരളത്തിലുമൊക്കെ കൈയ്യടികള്‍ നേടിയ കിമ്മിന്‍റെ ചിത്രങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ പക്ഷേ അത്രയധികം സ്വീകാര്യത ഉണ്ടായിരുന്നില്ല. ബോക്സ് ഓഫീസ് പരാജയങ്ങള്‍ ഒരു വശത്തും ഉള്ളടക്കത്തിലെ 'രാഷ്ട്രീയ ശരികേടുകളെ'ക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മറ്റൊരു വശത്തും. കരിയറിന്‍റെ തുടക്കകാലത്ത് ഒരു ചിത്രം മാത്രമാണ് സൗത്ത് കൊറിയയില്‍ മികച്ച സാമ്പത്തിക വിജയം നേടിയത്. 2001ല്‍ പുറത്തിറങ്ങിയ 'ബാഡ് ഗൈ' ആയിരുന്നു ചിത്രം. അതേക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചത് അതിന്‍റെ കാരണം താനല്ലെന്നും പോക്കിരിയായ അതിലെ നായക കഥാപാത്രമാണെന്നുമായിരുന്നു. കൂട്ടിക്കൊടുപ്പുകാരനായിരുന്നു ചിത്രത്തിലെ നായകന്‍.

 

കിമ്മിന്‍റെ ചിത്രങ്ങള്‍ സ്ത്രീവിരുദ്ധതയുടെ കൃത്യമായ മാതൃകകളാണെന്നായിരുന്നു തെക്കന്‍ കൊറിയയില്‍ നിന്നുയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. കിം കി ഡുക്ക് ചിത്രങ്ങളിലെ ഹിംസയില്‍ എപ്പോഴും കര്‍തൃത്വസ്ഥാനത്ത് പുരുഷനാണെന്നും സ്ത്രീകളുടെ കാഴ്ചപ്പാട് എവിടെയും കടന്നുവരുന്നില്ലെന്നുമൊക്കെ വിമര്‍ശനമുയര്‍ന്നു. സൗത്ത് കൊറിയയിലെ സ്ത്രീപക്ഷ സംഘടനകള്‍ എക്കാലവും ഈ സംവിധായകന് എതിരായിരുന്നു. 2017, 18 കാലയളവില്‍ കിമ്മിനെതിരെ സ്വന്തം സിനിമയില്‍ അഭിനയിച്ച നടിയുള്‍പ്പെടെ പീഡനാരോപണങ്ങള്‍ ഉയര്‍ത്തി. മോബിയസ് എന്ന സിനിമയിലെ, അഭിനയ കരാറില്‍ പറയാതിരുന്ന ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു നടിയുടെ പരാതി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഈ കേസ് തള്ളിപ്പോവുകയാണ് ചെയ്തത്. കേസ് കൊടുത്ത വനിതകള്‍ക്കെതിരെ മാനനഷ്ടത്തിന് കിം കി ഡുക്ക് മറ്റൊരു കേസ് നല്‍കുകയും ചെയ്‍തിരുന്നു.

കിം കി ഡുക്ക് ചിത്രങ്ങളിലെ ഹിംസയുടെ വിന്യാസത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടത് മൃഗങ്ങള്‍ക്കെതിരെയുടെ ക്രൂരതയുടെ രംഗങ്ങളായിരുന്നു. അദ്ദേഹത്തിന്‍റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ 'വയലന്‍റ്' സ്വഭാവത്തിന് ആദ്യത്തെ ഇരയാവേണ്ടിവന്നിരുന്നത് അവര്‍ വളര്‍ത്തുന്ന മൃഗങ്ങളായിരുന്നു. അന്തര്‍ദേശീയ തീയേറ്റര്‍ റിലീസിന് പലപ്പോഴും ഇത്തരം രംഗങ്ങള്‍ തടസ്സമാവുകയപോലും ചെയ്തു. ഇത്തരത്തിലുള്ള രംഗങ്ങള്‍ ചൂണ്ടിക്കാട്ടി 'ദി ഐല്‍' എന്ന ചിത്രത്തിന്‍റെ യുകെ റിലീസിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ തടസം ഉന്നയിച്ചിരുന്നു. പക്ഷേ മൃഗങ്ങള്‍ പ്രകൃതിയുടെ ആഹാര ശൃംഖലയുടെ ഭാഗം തന്നെയാണെന്നും അവയെ മനുഷ്യര്‍ ഭക്ഷണത്തിനുവേണ്ടി കൊല്ലാറുണ്ടല്ലോ എന്നുമായിരുന്നു കിമ്മിന്‍റെ മറുപടി. സിനിമയില്‍ അത്തരം രംഗങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ക്രൂരമായി ചിലര്‍ക്ക് തോന്നാമെങ്കിലും തന്‍റെ കാഴ്ചപ്പാട് അങ്ങനെയല്ലെന്നും സംവിധായകന്‍ അഭിമുഖങ്ങളില്‍ പ്രതികരിച്ചു.

 

വിഷാദത്തില്‍ അകപ്പെട്ട് കലാജീവിതത്തില്‍ നിന്ന് വിട്ടുമാറിനിന്ന ഒരു കാലവും കിം കി ഡുക്കിന്‍റെ ജീവിതത്തിലുണ്ട്. 'ഡ്രീം' എന്ന സിനിമയ്ക്കായി നായികയുടെ ആത്മഹത്യാരംഗം ചിത്രീകരിക്കുന്നതിനിടെ കയര്‍ അവരുടെ കഴുത്തില്‍ അപായകരമായി കുരുങ്ങിയതും സുഹൃത്തുക്കളുടെ മരണവുമാണ് കിമ്മിനെ വിഷാദത്തില്‍ എത്തിച്ചത്. കൊറിയയിലെ അരിരംഗ് മലനിരകളില്‍ ഏകാന്തവാസം നയിച്ച സംവിധായകന്‍ അവസാനം വിഷാദത്തില്‍ നിന്ന് പുറത്തുകടന്നത് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ സ്വയം ചിത്രീകരിച്ചുകൊണ്ടായിരുന്നു. അത് എഡിറ്റ് ചെയ്ത് 'അരിരംഗ്' എന്ന എക്സ്പെരിമെന്‍റല്‍ സിനിമയുമായാണ് കിം കി ഡുക്ക് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയത്. 

click me!