'കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മോഹൻലാല്‍', സമദാനിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

Published : May 23, 2023, 10:43 AM IST
'കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മോഹൻലാല്‍', സമദാനിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

Synopsis

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ എന്നാണ് മോഹൻലാലിനെ സമദാനി വിശേഷിപ്പിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം മോഹൻലാലിന്റെ ജന്മദിനമായിരുന്നു മെയ് 21ന്. ഒട്ടേറെ പേരാണ് മോഹൻലാലിന് ജന്മദിന ആശംസകളുമായി എത്തിയത്. തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് മോഹൻലാല്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്‍തു. ഇപ്പോഴിതാ നടൻ മോഹൻലാലിന് ജന്മദിന ആശംസകളുമായി ലോക്സഭാ എംപി ഡോ. എം പി അബ്‍ദുസമദ് സമദാനി എഴുതിയ കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സമദാനിയുടെ കുറിപ്പ്

'നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിന്റെ മഹാപ്രതിഭക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ. അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്‍മാനുമായിരിക്കട്ടെ.
എനിക്ക് മോഹൻലാൽ തന്റെ വിശ്വസ്‍തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്‍പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും,'അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നതെന്ന്ട അദ്ദേഹത്തിന്റെ ധന്യമാതാവിന്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്. ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ  ജീവിതാരോഹണങ്ങൾ.

മോഹൻലാലിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'മലൈക്കോട്ടൈ വാലിബനാ'ണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതി പ്രത്യേകതയുമുണ്ട്. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. 'മലൈക്കോട്ടൈ വാലിബനെ'ന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

Read More: 'ശ്രീ മുത്തപ്പൻ' കണ്ണൂരിൽ, പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും