നന്ദി 'കണ്ണൂർ സ്‌ക്വാഡ്', അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഞാൻ ഒന്നൂടി കണ്ടു: വൈറൽ കുറിപ്പ്

Published : Oct 03, 2023, 07:58 PM ISTUpdated : Oct 03, 2023, 08:04 PM IST
നന്ദി 'കണ്ണൂർ സ്‌ക്വാഡ്', അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഞാൻ ഒന്നൂടി കണ്ടു: വൈറൽ കുറിപ്പ്

Synopsis

കണ്ണൂർ സ്ക്വാഡ് സിനിമയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഡോക്ടറുടെ കുറിപ്പ് തുടങ്ങുന്നത്.

ലയാള സിനിമാ മേഖലയിലെ ആഘോഷം ആയിരിക്കുകയാണ് 'കണ്ണൂർ സ്ക്വാഡ്'. വലിയ പ്രൊമോഷൻ പരിപാടികളോ അവകാശവാദങ്ങളോ ഒന്നുമില്ലാതെ എത്തിയ മമ്മൂട്ടി ചിത്രം മലയാള സിനിമയിൽ പുതുചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. വിദേശത്ത് അടക്കം മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടുന്നത്. യഥാർത്ഥത്തിൽ നടന്ന സംഭവകഥയുമായി എത്തിയ ചിത്രത്തെ കുറിച്ച് സൗമ്യ സരിന്‍ എന്ന ഡോക്ടര്‍ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കണ്ണൂർ സ്ക്വാഡ് സിനിമയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഡോക്ടറുടെ കുറിപ്പ് തുടങ്ങുന്നത്. തന്റെ അച്ഛൻ സാധാ കോൺസ്റ്റബിൾ ആയിരുന്നുവെന്നും ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചതെന്നും സൗമ്യ പറയുന്നു. എന്നാൽ അമ്മ മരിച്ചതിന് ശേഷം എന്തും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്ന തന്റെ അച്ഛനെ നഷ്ടപ്പെട്ടു എന്നും 
എന്നാൽ, അദ്ദേഹത്തിന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം കണ്ണൂർ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോൾ തിരിച്ചു കിട്ടിയെന്നും സൗമ്യ പറയുന്നു. 

ഡോക്ടർ സൗമ്യ സരിന്റെ വാക്കുകൾ

 

നന്ദി. കണ്ണൂർ സ്‌ക്വാഡിന്...

അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പോലീസുകാരുടെ കഥ പറഞ്ഞതിന്...അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്...അതിലൊക്കെ ഉപരി എന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വന്നതിന്...കാരണം ആ നൂറു കണക്കിന് പോലീസുകാരിൽ ഒരാൾ എന്‍റെ അച്ഛനായിരുന്നു.

എന്‍റെ അച്ഛൻ ഒരു സാധാരണ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. 2013 ഇൽ ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചത്. അച്ഛനെ ഒരിക്കലും ജീവിതത്തിൽ പതറി ഞാൻ കണ്ടിട്ടില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റം എന്നും അച്ഛൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. 2021 ഇൽ അമ്മ പോകുന്ന വരെ. അമ്മ പോയ ശേഷം മനസ്സ് തുറന്നു ചിരിച്ചു അച്ഛനെ ഞാൻ കണ്ടിട്ടില്ല. പണ്ട് കണ്ണുകളിൽ ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ഒക്കെ ചോർന്ന പോലെ.

എന്‍റെ അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഇന്നലെ ഞാൻ ഒന്നൂടി കണ്ടു. കണ്ണൂർ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോൾ."നിങ്ങളെക്കാളൊക്കെ എനിക്ക് അവരെ മനസ്സിലാക്കാൻ പറ്റും." അതൊരു സാധാ പോലീസുകാരന്റെ മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആയിരുന്നു.

വെറും 21 വയസ്സിൽ തുടങ്ങിയതാണ് എന്‍റെ അച്ഛന്റെ പോലീസ് ജീവിതം. മണ്ണാർക്കാട്ടെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആണ് അച്ഛൻ ജനിച്ചത്. ഒരു ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യത്തിൽ ആണ് പോലീസിൽ ചേരാൻ പോയതത്രെ. ആദ്യത്തെ ഫിസിക്കൽ ടെസ്റ്റിൽ അച്ഛൻ പരാജയപെട്ടു. സഹായിക്കാനോ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല വീട്ടിൽ. തൊടിയിലുള്ള മാവിന്റെ കൊമ്പിൽ കയർ കെട്ടി ദിവസവും റോപ്പ് ക്ലൈംബിങ് ഒക്കെ സ്വന്തമായി ചെയ്ത് ചെയ്ത് സ്വയം പാകപ്പെടുത്തിയാണ് അച്ഛൻ രണ്ടാമത്തെ ടെസ്റ്റ് പാസായത്.

പോലീസിൽ സെലെക്ഷൻ കിട്ടി ചേരാൻ പോകാൻ കയ്യിൽ പണം ഇല്ലായിരുന്നു. ബന്ധത്തിലുള്ള ഒരു അമ്മായിയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയാണ് അച്ഛൻ പൊലീസിൽ ചേർന്നത്. ജീവിതത്തിൽ ഞാനും അനിയനുമൊക്കെ മടി കാണിക്കുമ്പോൾ ഒരു നൂറു തവണ എങ്കിലും അച്ഛൻ ഈ കഥ പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തിൽ അച്ഛൻ എന്‍റെ ഹീറോ ആയിരുന്നു. പോലീസിൽ ആയിരുന്നത് കൊണ്ട് തന്നെ അച്ഛനോട് എല്ലാർക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ലേശം അഹങ്കാരവും! അച്ഛന് ആരെയും ഭയമുണ്ടായിരുന്നില്ല. മുൻശുണ്ഠിയും ലേശം അധികം ആയിരുന്നു. മേലുദ്യോഗസ്ഥന്മാരായാലും പറയാനുള്ളത് അച്ഛൻ മുഖത്തു നോക്കി പറയുമായിരുന്നു. അതുകൊണ്ട് തന്നെ അത് അച്ഛന്റെ ജോലിയിലും ആവശ്യത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. " ആരെടാ എന്ന്‌ ചോദിച്ചാൽ ഞാനെടാ എന്ന്‌ പറയണം " എന്നാണ് ചെറുപ്പം മുതൽ അച്ഛൻ ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചത്.

പക്ഷെ ചെറുപ്പത്തിൽ തോന്നിയ ആരാധനയൊക്കെ ഏതൊരു മക്കളെയും പോലെ വലുതായപ്പോ മാഞ്ഞുപോയി. അച്ഛൻ പറയാറുള്ള വീരസാഹസിക കഥകളൊക്കെ ഞങ്ങൾ കളിയാക്കാൻ തുടങ്ങി. അച്ഛൻ അതൊക്കെ പറയാതെയും ആയി. പോലീസ് ഹീറോകളായി ഭരത് ചന്ദ്രൻ ഐ പി എസ്സി നെയും ഇൻസ്‌പെക്ടർ ബൽറാമിനെയുമൊക്കെ പ്രതിഷ്ഠിച്ച ഞങ്ങളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ ഈ സാഹസിക കഥകൾ ഒന്നും അല്ലായിരുന്നു. "ഇതൊക്കെ എന്ത്" എന്ന ചിന്ത!

ഒരു ഇരട്ടകൊലപാതകത്തിലെ ആറു പ്രതികളെ ഷാഡോ പോലീസ് ആയി പിടിച്ചതും മറ്റൊരു കൊലപാതക കേസിലെ പിടികിട്ടാപുള്ളിയെ വർഷങ്ങൾക്ക് ശേഷം അയാൾ വേഷം മാറി ചായക്കട നടത്തിയിരുന്ന ഷോളയൂരിൽ വെച്ച് ഒറ്റക്ക് പോയി പിടിച്ചതും ആ പ്രതിയെ കൊണ്ട് തനിച്ചു 8 കിലോമീറ്ററോളം നടന്നു അടിവാരത്തു എത്തിയതും ഒക്കെ അച്ഛൻ അഭിമാനത്തോടെ സ്ഥിരമായി ഞങ്ങളോട് പറഞ്ഞിരുന്ന കഥകൾ ആയിരുന്നു.

അച്ഛൻ പറയുമായിരുന്നു, ഈ കൊലക്കേസ് പ്രതികളെ ഒക്കെ പിടിക്കുമ്പോഴും അവരുമായി വരുമ്പോഴുമൊക്കെ വെറും ലാത്തി ആയിരുന്നു കയ്യിൽ ഉണ്ടായിരുന്നത് എന്ന്. പിന്നേ ഉണ്ടായിരുന്ന ആയുധം ധൈര്യം മാത്രമായിരുന്നു എന്ന്...

കാക്കി യൂണിഫോം ഹീറോകളുടെ തകർപ്പൻ ഡയലോഗുകളും അടിപൊളി തോക്കുകളും ആക്ഷനും ഒക്കെ കണ്ടു് ശീലിച്ച നമുക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു! പക്ഷെ 'ഉണ്ട'യും 'കണ്ണൂർ സ്ക്വാഡു'മൊക്കെ നമ്മുടെ ചിന്തകൾ മാറ്റിയെഴുതുകയാണ്. യഥാർത്ഥ പോലീസ് ഹീറോകളെ കാണിച്ചു തരികയാണ്. അവരുടെ കഷ്ടപ്പാടുകളും നൊമ്പരങ്ങളും ആത്മവ്യഥകളും നമ്മുടെ കൂടിയാവുകയാണ്.

നന്ദി. ഒരിക്കൽ കൂടി. സിനിമകൾ കാണാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന എന്‍റെ അച്ഛൻ അമ്മ പോയ ശേഷം ആ പതിവ് നിർത്തി. നിർബന്ധിച്ചാണ് ഈ സിനിമക്ക് കൊണ്ട് പോയത്. സിനിമ കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അച്ഛനെയാണ്.. ഇന്ന് രാവിലെ വെറുതെ ഞാൻ അച്ഛനോട് ചോദിച്ചു. " അച്ഛാ, ആ വിയ്യൂർ കൊലക്കേസ് പ്രതിയെ പിടിക്കുമ്പോ അച്ഛൻ ഏത് സ്റ്റേഷനിൽ ആയിരുന്നു? "

രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടി; തെറിയും പരിഹാസവും, പ്രതികരിച്ച് സജിത മഠത്തിൽ

" എന്‍റെ മോളെ, അതൊന്നും പറയണ്ട. ഞാൻ അഗളി സ്റ്റേഷനിൽ ആയിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഇൻഫൊർമേർ വിളിക്കുന്നത്. അവനൊരു സംശയം. ഷോളയൂർ ചായക്കട നടത്തുന്ന ഒരുത്തൻ ഈ പ്രതി ആണോയെന്ന്...പിന്നെ നോക്കാം എന്ന്‌ വെച്ചാൽ അവൻ ചിലപ്പോ രക്ഷപെടും. അച്ഛൻ രണ്ടും കല്പിച്ചു ഇറങ്ങി..." പണ്ട് പറഞ്ഞിരുന്ന അതെ ആവേശത്തോടെ അച്ഛൻ കഥ തുടങ്ങി... കേൾക്കാൻ ഞാനും!

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്
കാര്‍ത്തി നായകനായി ഇനി മാര്‍ഷല്‍, ഒടിടിയില്‍ എവിടെയായിരിക്കും?