
2024 ല്‍ പുറത്തെത്തി മികച്ച വിജയം നേടിയ വാഴ എന്ന ചിത്രത്തില്‍ കാണികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു പ്രധാന കഥാപാത്രങ്ങള്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാല്‍ ചിത്രം ദൃശ്യം കാണാനായി പോകുന്നത്. ടിക്കറ്റിനായി നില്‍ക്കുന്ന ക്യൂവില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടിരിക്കുന്ന ഷോയുടെ ക്ലൈമാക്സ് തിയറ്ററിന്‍റെ വാതിലിനിടയിലൂടെ കണ്ട് അത് ഉറക്കെ വിളിച്ചുപറയുന്ന ജോമോന്‍ ജ്യോതിറിന്‍റെ കഥാപാത്രം വന്‍ ഓളമുണ്ടാക്കിയ ഒന്നാണ്. ദൃശ്യം ക്ലൈമാക്സ് കണ്ട് ജോമോന്‍ കൂട്ടുകാരോട് ഉറക്കെ വിളിച്ചുപറയുന്നത് ലാലേട്ടന്‍ സേഫ് ആണ് എന്നായിരുന്നു. ഇപ്പോഴിതാ ഒരു അസാധാരണ ക്ലാഷ് തിയറ്ററുകളിലേക്ക് എത്തുകയാണ്.
വാഴയുടെ രണ്ടാം ഭാഗമായ വാഴ 2 തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്താണ് മോഹന്‍ലാലിന്‍റെ ദൃശ്യം 2 റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകരിലേക്ക് കൊവിഡ് കാലത്ത്, 2021 ല്‍ എത്തിയ ചിത്രമാണെങ്കിലും അത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. അതിനാല്‍ത്തന്നെ ദൃശ്യം 2 പ്രേക്ഷകര്‍ ഇതുവരെ തിയറ്ററില്‍ കണ്ടിട്ടില്ല. അതിനുള്ള അവസരം അവര്‍ക്ക് മുന്നില്‍ ആദ്യമായി ഒരുങ്ങുകയാണ്. ശരിക്കും ഈ ക്ലാഷ് സംഭവിക്കേണ്ടത് വാഴ 2, ദൃശ്യം എന്നീ ചിത്രങ്ങള്‍ തമ്മിലായിരുന്നു. വാഴ 2 എത്തേണ്ടിയിരുന്ന അതേ ദിവസമാണ് (ഏപ്രില്‍ 2) ദൃശ്യം 3 ന്‍റെ റിലീസ് തീയതിയും നിശ്ചയിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഗണിച്ച് റിലീസ് മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. ആ ഗ്യാപ്പിലാണ് ആശിര്‍വാദ് സിനിമാസ് ദൃശ്യം 2 തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഒരു സാധാരണ റീ റിലീസ് പോലെയല്ല ദൃശ്യം 2 തിയറ്ററുകളിലേക്ക് എത്തുന്നത്. ഇതുവരെ ചെറുസ്ക്രീനുകളില്‍ മാത്രം കണ്ട ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് കാണികള്‍ക്ക് ലഭിക്കുന്നത്. അതിനോട് അവര്‍ എങ്ങനെ പ്രതികരിക്കും എന്നത് ഇന്‍ഡസ്ട്രി കൗതുകത്തോടെ കാത്തിരിക്കുന്ന ഒന്നുമാണ്. ദൃശ്യം 3 ആവേശത്തെ ഇരട്ടിപ്പിക്കുകയും ഈ റിലീസ്. അതേസമയം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് വാഴ 2. വാഴയുടെ സീക്വല്‍ എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റം ആരംഭിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ