
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇതിനകം തന്നെ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിക്ക് തുടക്കമിട്ട ചിത്രം മറുഭാഷാ സിനിമാപ്രേമികളും നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്തിരുന്നു. മൂന്നാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ടും തിയറ്റര്‍ ഒക്കുപ്പന്‍സിയുമായി തുടരുകയാണ് ചിത്രം. ഇപ്പോഴിതാ നിര്‍മ്മാതാക്കളായ വേഫെറര്‍ ഫിലിംസില്‍ നിന്ന് എത്തിയിരിക്കുന്ന രണ്ട് പോസ്റ്ററുകള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും അവതരിപ്പിച്ച കഥാപാത്രങ്ങളുടേതാണ് അവ.
ചിത്രത്തില്‍ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെയും ടൊവിനോ മൈക്കള്‍ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. മൈക്കള്‍ ചാത്തന്‍റെ വേഷമാണെന്നത് ചിത്രത്തില്‍ നേരിട്ട് തന്നെ പറഞ്ഞിരുന്നു. ദുല്‍ഖറിന്‍റെ ചാര്‍ലി ആരാണെന്നത് സംബന്ധിച്ചും സിനിമ സൂക്ഷ്മമായി കാണുന്ന പ്രേക്ഷകര്‍ മനസിലാക്കിയിരുന്നുവെങ്കിലും എല്ലാവര്‍ക്കും അത് തിരിഞ്ഞിരുന്നില്ല. ഇപ്പോഴിതാ പുതിയ പോസ്റ്ററില്‍ അത് സംശയലേശമന്യെ വെളിപ്പെടുത്തിയിട്ടുണ്ട് ലോക ടീം. ലോകയുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ചാര്‍ലി എന്നാണ് വേഫെറര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ പോസ്റ്ററില്‍ ഉള്ളത്.
അഞ്ചോളം ചിത്രങ്ങളുള്ള ലോക ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ചന്ദ്ര. തുടര്‍ ഭാഗങ്ങളുടെ കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും അണിയറക്കാര്‍ പറഞ്ഞിരുന്നു. അടുത്ത ഭാഗം ചാത്തന്‍റെ കഥയാണെന്ന് ചന്ദ്രയുടെ അവസാനം സൂചന നല്‍കുന്നുമുണ്ട്. ദുല്‍ഖറിന്‍റെ ഒടിയനെ വച്ചായിരിക്കും വരാനിരിക്കുന്ന സിനിമകളിലൊന്നെന്ന് പ്രേക്ഷകര്‍ ഉറപ്പിക്കുകയാണ് പുതിയ പോസ്റ്ററിലൂടെ. ലോകയുടെ ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ സൂപ്പര്‍ഹീറോ ആണ് ചന്ദ്രയെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ ഈയിടെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ചിത്രങ്ങളിലുള്ള പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ഈ പ്രസ്താവന.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേതാണ്. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണുവായി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.