
ഓണം റിലീസുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റില്‍ ബിഗ് കാന്‍വാസിലാണ് പൂര്‍ത്തിയാക്കുന്നത്. ചിത്രത്തിനൊപ്പമുള്ള തന്‍റെയും സംഘത്തിന്‍റെയും യാത്രയെക്കുറിച്ച് ഇന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുല്‍ഖര്‍ വിശദീകരിച്ചു. പ്രേക്ഷകര്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്ന് തനിക്ക് പേടിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്‍റെ വാക്കുകള്‍
ഓരോ സിനിമയ്ക്കും അതിന്‍റേതായ ഒരു ലൈഫ്, എനര്‍ജി ഒക്കെ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യത്തെ ഒരു പോസ്റ്റര്‍ വിട്ടപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച ഒരു സ്നേഹവും സ്വീകാര്യതയുമുണ്ട്. അത് മലയാളത്തില്‍ നിന്നും ഇതരഭാഷകളില്‍ നിന്നും ലഭിച്ചു. ഹൈപ്പ് വളരുന്നതിനനുസരിച്ച് പിന്നിലുള്ള പ്രയത്നം ഞങ്ങളും വര്‍ധിപ്പിച്ചു. വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ഇതിന്‍റെ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. ആദ്യത്തെ പോസ്റ്റര്‍ കയറിയപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് ആര്‍ക്കും ശരിക്ക് മനസിലായില്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അപ്പോള്‍ മുതലേ ഒരു ഉത്തരവാദിത്തം തോന്നി എല്ലാവര്‍ക്കും. ഒരു പേടി തോന്നി. എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയപ്പോഴും അവിടുത്തെ മീഡിയയ്ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്ക്ക് അത് കിട്ടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ബോംബെയിലെ ഒരു ആവേശം കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എന്‍റെ ഒരു പേടി ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്.
ALSO READ : 'ആര്‍ഡിഎക്സ്' ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്; സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക