
സിനിമാജീവിതത്തില്‍ മികച്ച വളര്‍ച്ചയുടെ കാലത്തിലൂടെയുള്ള യാത്രയിലാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല, ഇതരഭാഷകളിലെ മികച്ച തെരഞ്ഞെടുപ്പുകളിലൂടെ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരില്‍ സ്വന്തം സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ നായകനായ തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സീതാ രാമം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത റിലീസും മറുഭാഷയില്‍ നിന്നാണ്. ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് സഹതാരം. ആര്‍ ബല്‍കിയാണ് സംവിധാനം. ചിത്രത്തിന്‍റെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തില്‍ കരിയറിന്‍റെ തുടക്കകാലത്ത് വിമര്‍ശനം നേരിട്ട സമയത്ത് അച്ഛന്‍ നല്‍കിയ മറുപടിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നുണ്ട്. മിഡ് ഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇത്.
സ്വന്തം കരിയറില്‍ അച്ഛന്‍ എന്തു തരത്തിലുള്ള സ്വാധീനമാണ് നടത്തിയത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യവും ദുല്‍ഖര്‍ പറയുന്നത്. "ഒരേ ചലച്ചിത്ര മേഖലയില്‍ ഒരേസമയം പ്രവര്‍ത്തിക്കാനാവുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണ്. ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ അച്ഛനോട് അതേക്കുറിച്ച് പറയാറുണ്ട്. അതെല്ലാം ഞാന്‍ വായിച്ചു എന്നാവും അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്", ദുല്‍ഖര്‍ പറയുന്നു.
അഭിനയരംഗത്ത് ഇത്രയും പ്രശസ്തനായ അച്ഛന്‍റെ മകന്‍ എന്നുള്ള ലേബലില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും കടന്നുവന്ന വഴികളില്‍ അത് സാധിച്ചുവെന്നാണ് കരുതുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. "സ്വന്തം സിനിമ കണ്ടെത്തണമെന്നായിരുന്നു എനിക്ക്. അച്ഛന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കണം എന്‍റെ തെരഞ്ഞെടുപ്പുകളെന്ന് ഉണ്ടായിരുന്നു. ഇത്രകാലമുള്ള യാത്രയ്ക്കിടെ അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു", ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം ഛുപിന്‍റെ റിലീസ് തീയതി സെപ്റ്റംബര്‍ 23 ന് ആണ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ