
മമ്മൂട്ടി ചെയ്ത ഏറ്റവും സ്റ്റൈലിഷ് കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടകൂ. 'ബിലാല്‍ ജോണ്‍ കുരിശിങ്കൽ'. അമൽ നീരദ് ആണ് ബിഗ് ബി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ പുത്തൻ ലുക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കഴിഞ്ഞ കുറേക്കാലമായി ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. മമ്മൂട്ടിയുടെ ആ സ്റ്റൈലിഷ് ലുക്ക് കാണാൻ വേണ്ടി തന്നെയാണ് അത്. അടുത്തിടെ ചിത്രത്തിൽ ദുൽഖറും അഭിനയിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
അച്ഛൻ- മകൻ കോമ്പോ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, "ബിലാൽ വരാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. ചിത്രത്തെ കുറിച്ച് ഇടയ്ക്ക് ഇടയ്ക്ക് ഞാൻ സൂചിപ്പിക്കും. പക്ഷെ അതിന്റെ എല്ലാം ഫൈനൽ തിരുമാനങ്ങളും എടുക്കുന്നത് ബിലാൽ തന്നെയാണ്", എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
അടുത്തിടെ ബിലാലിന്റെ ഒരു ടൈറ്റിൽ വീഡിയോ അമൽ നീരദ് പങ്കുവച്ചിരുന്നു. ഇതിൽ 'ബിലാൽ, ആൻ അമൽ നീരദ് ഫിലിം' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉടൻ ബിലാൽ വരുന്നുവെന്ന ചർച്ചകളും സജീവമായിരുന്നു. ബിലാൽ ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകൾ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഔദ്യോഗികമായി രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
എതിരാളികൾ വന്നിട്ടും പതറാതെ 'കിംഗ് ഓഫ് കൊത്ത'; ദുൽഖർ ചിത്രം ഇതുവരെ നേടിയത്
മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻതാര നിര അണിനിരന്ന സിനിമ ആയിരുന്നു ബിഗ് ബി. സാമ്പത്തികമായി ചിത്രം പരാജയം നേരിട്ടെങ്കിലും വൻ ഹൈപ്പും പ്രേക്ഷക പ്രീതിയും നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ഭീഷ്മ പര്‍വ്വം കഴിഞ്ഞ വര്‍ഷമാണ് പുറത്തെത്തിയത്. ഈ ചിത്രം വൻ വിജയം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..