ഹൈദരാബാദില്‍ ആരാധകര്‍ക്കൊപ്പം 'സീതാ രാമം' കണ്ട് ദുല്‍ഖര്‍; വീഡിയോ

Published : Aug 05, 2022, 12:54 PM IST
ഹൈദരാബാദില്‍ ആരാധകര്‍ക്കൊപ്പം 'സീതാ രാമം' കണ്ട് ദുല്‍ഖര്‍; വീഡിയോ

Synopsis

കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം

ഈ വര്‍ഷം ദുല്‍ഖറിന്‍റേതായി തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇന്ന് റിലീസ് ചെയ്യപ്പെട്ട തെലുങ്ക് ചിത്രം സീതാ രാമം. മഹാനടിക്കു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് സിനിമയാണ് ഇത്. ആദ്യദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ട്വിറ്ററില്‍ തെലുങ്ക് സിനിമാപ്രേമികളില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ആരാധകര്‍ക്കൊപ്പം ഹൈദരാബാദില്‍ വച്ചാണ് ദുല്‍ഖറും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മൃണാള്‍ ഥാക്കൂറും സംവിധായകന്‍ ഹനു രാഘവപ്പുഡിയുമൊക്കെ ചിത്രം കണ്ടത്. സിനിമാപ്രേമികള്‍ക്കൊപ്പം ചിത്രം കണ്ടിറങ്ങിതിന്‍റെ വൈകാരികത പങ്കുവെക്കുന്ന അണിയറക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനിലും സ്കെയിലിലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സൂക്ഷ്മതയും വലുപ്പവുമുള്ള, പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രമെന്നാണ് ട്വിറ്ററില്‍ വരുന്ന ആദ്യ അഭിപ്രായങ്ങള്‍. കാവ്യാത്മകമായ പ്രണയകഥയാണ് ചിത്രത്തിലേതെന്നും ദുല്‍ഖറും മൃണാള്‍ ഥാക്കൂറും നന്നായെന്നും സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നു. ദുല്‍ഖര്‍- മൃണാള്‍ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി നന്നായി വന്നിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്‍റെ താളം അല്‍പംകൂടി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. 2018ല്‍ പുറത്തെത്തിയ മഹാനടിയാണ് ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ജമിനി ​ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്. നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്‍ത ഈ ചിത്രം വിജയമായിരുന്നു. അതേസമയം പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് സീതാ രാമം എത്തിയിരിക്കുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പ് ഒഴികെ കേരളത്തിലും ചിത്രത്തിന് പ്രദര്‍ശനമുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. 112 സ്ക്രീനുകളിലാണ് സീതാരാമം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

ALSO READ : ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിലേക്ക് 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം ഒരാഴ്ച കേരളത്തില്‍ നിന്ന് നേടിയത്

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു