Asianet News MalayalamAsianet News Malayalam

ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിലേക്ക് 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം ഒരാഴ്ച കേരളത്തില്‍ നിന്ന് നേടിയത്

യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്

paappan first week kerala box office gross collection suresh gopi joshiy gokulam gopalan
Author
Thiruvananthapuram, First Published Aug 5, 2022, 12:09 PM IST

ലോകമാകമാനം ചലച്ചിത്ര വ്യവസായത്തെ ഉലച്ചുകളഞ്ഞ പ്രതിസന്ധിയായിരുന്നു കൊവിഡ്. മഹാമാരിക്കു ശേഷം പതിയെപ്പതിയെ കരകയറുന്നുവെങ്കിലും കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് സിനിമാ വ്യവസായം എത്തിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ സിനിമകള്‍ വിജയിക്കുക എന്നത് അതത് നിര്‍മ്മാതാക്കളേക്കാള്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ മൊത്തം ആവശ്യമായാണ് നിലവില്‍ പരിഗണിക്കപ്പെടുന്നത്. സമാനമാണ് മലയാളത്തിലെയും സ്ഥിതി. ഏഴ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാളത്തിലും നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടെങ്കിലും അവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയത്തില്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചുരുക്കം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ ചിത്രം കൂടി എത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്‍ത പാപ്പന്‍ ആണ് ആ ചിത്രം.

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായി എത്തിയ പാപ്പന്‍ കേരളത്തില്‍ മാത്രമാണ് തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. ജൂലൈ 29ന് ആയിരുന്നു അത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ എത്രയെന്ന വിവരവും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 17.85 കോടിയാണ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്. 

അതേസമയം കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്. കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ കളക്ഷനുകളില്‍ കാര്യമായി പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ALSO READ : തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍? ആദ്യ പ്രദര്‍ശനങ്ങളില്‍ വന്‍ അഭിപ്രായം നേടി ദുല്‍ഖറിന്‍റെ 'സീതാ രാമം'

Follow Us:
Download App:
  • android
  • ios