
വേഫെയറര്‍ ഫിലിംസ് എന്ന ബാനറില്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ എന്നവയാണ് വേഫെയററിന്‍റെ ബാനറില്‍ ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ തന്നെ നായകനാവുന്ന ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പ്, ബോബി സഞ്ജയ്‍യുടെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം, ഷൈന്‍ ടോം ചാക്കോയും അഹാനയും ഒന്നിക്കുന്ന പ്രശോഭ് വിജയന്‍ ചിത്രം അടി, അരുണ്‍ വൈഗയുടെ സംവിധാനത്തിലെത്തുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നിവ വരാനിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ നിര്‍മ്മാണത്തിനു പുറമെ വിതരണത്തിലേക്കും കടക്കുകയാണ് വേഫെയറര്‍ ഫിലിംസ്.
'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ആവും വേഫെയറര്‍ വിതരണം ചെയ്യുന്ന ആദ്യ ചിത്രം. സിജു വിത്സൺ, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒന്നാണ്. വേഫെയററിനൊപ്പം മൈ ഡ്രീംസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ജോണി ആന്‍റണി, സാബുമോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രങ്ങളെല്ലാം വേഫെറർ തന്നെയാവും തീയറ്ററുകളിൽ എത്തിക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ