
ദുല്‍ഖര്‍ നായകനാകുന്ന ചിത്രം 'സല്യൂട്ടി'നായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Salute trailer). ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സോണി ലിവില്‍ മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുക.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്' അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു.
ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ഒരു കൊലപാതക കേസ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുകയാണ്. തെളിയാതിരുന്ന കൊലപാതക കേസ് എസ്ഐ അരവിന്ദ് കരുണാകരന്‍ എങ്ങനെ അന്വേഷിക്കുന്നുവെന്നതാണ് ചിത്രത്തില്‍ പറയുന്നത്.
Read More : കോളിവുഡിലും പ്രിയമേറുന്ന ദുല്‍ഖര്‍, 'ഹേ സിനാമിക' റിവ്യൂ
'ഹേ സിനാമിക' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് 'ഹേ സിനാമിക'. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. റൊമാന്റിക് കോമഡി ചിത്രമായി എത്തിയ ഹേ സിനാമികയ്‍ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രം സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ളതാണ്. ബോളിവുഡിലും നൃത്ത സംവിധാനം ചെയ്‍തിട്ടുള്ള ബ്രിന്ദ മാസ്റ്റർ 2000ൽ റിലീസ് ചെയ്‍ത 'മുഖവരി; എന്ന ചിത്രത്തിലൂടെയാണ് തന്റെ ആദ്യ തമിഴ്‍നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കുന്നത്. എന്നാൽ അതിനും മുൻപ് 'ദയ' എന്ന മലയാള ചിത്രത്തിലൂടെ ബ്രിന്ദ മാസ്റ്റർ ആദ്യത്തെ ദേശീയ പുരസ്‍കാരം നേടിയിരുന്നു. 'ദീപാവലി' എന്ന ചിത്രത്തിലൂടെ രണ്ടാം തമിഴ്‍നാട് സ്റ്റേറ്റ് അവാർഡ് നേടിയ ബൃന്ദ മാസ്റ്റര്‍ നാല് കേരളാ സംസ്ഥാന അവാർഡുകളും നേടി. 'പ്രേമിഞ്ചുകുണ്ഡം രാ', 'കാക്ക കാക്ക' ഏന്നീ ചിത്രങ്ങളിലൂടെ രണ്ടു ഫിലിം ഫെയർ അവാർഡുകളും ബ്രിന്ദ മാസ്റ്റർ നേടി. 'മധുരൈ', 'വാരണം ആയിരം', 'കടൽ', ബോളിവുഡ് ചിത്രം 'പി കെ', വിജയ് ചിത്രം 'തെരി' എന്നിവ ബ്രിന്ദ മാസ്റ്റർ നൃത്ത സംവിധാനം ചെയ്‍തതില്‍ ശ്രദ്ധേയമായവയാണ്. 'ഗാന്ധാരി'യെന്ന തെലുങ്കു മ്യൂസിക് വീഡിയോ സംവിധാനം ചെയ്‍തതും ബ്രിന്ദ മാസ്റ്റർ ആണ്. കീർത്തി സുരേഷ് അഭിനയിച്ച വീഡിയോ വൻ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങളിൽ നൃത്ത സംവിധാനം ചെയ്‍ത ബൃന്ദ മാസ്റ്ററിന്റെ സംവിധായികയായുള്ള അരങ്ങേറ്റം വലിയ വിജയം നേടുകയാണെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
'ഹേ സിനാമിക' ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു. 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഒരു ഗാനമായിരുന്നു ദുല്‍ഖര്‍ ആലപിച്ചത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അദിതി റാവു, കാജല്‍ അഗര്‍വാള്‍, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‍സൺ, രഘു, സംഗീത, ധനഞ്‍ജയൻ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ