Sita Ramam review : ഇത് ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ പ്രണയ കാവ്യം, 'സീതാ രാമം' റിവ്യു

Published : Aug 05, 2022, 04:02 PM ISTUpdated : Aug 06, 2022, 04:03 PM IST
Sita Ramam review : ഇത് ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ പ്രണയ കാവ്യം, 'സീതാ രാമം' റിവ്യു

Synopsis

ദുല്‍ഖര്‍ നായകനായ എത്തിയ ചിത്രം 'സീതാ രാമ'ത്തിന്റെ റിവ്യു (Sita Ramam review).

ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് പടമാണ് 'സീതാ രാമം'. 'സീതാ രാമം' തിയറ്ററുകളിലെത്തിയപ്പോള്‍ മലയാളികളുടെ ഏറ്റവും വലിയ ആകര്‍ഷണം ഡിക്യു ഫാക്ടര്‍ തന്നെയായിരുന്നു. 1965കള്‍ പശ്ചാത്തലമാക്കിയിട്ടുള്ള ഒരു പ്രണയകഥ എന്ന നിലയിലാണ് പ്രമോഷണുകളിലൂടെ ചിത്രം പ്രേക്ഷകരുമായി പരിചയത്തിലായത്. മനോഹരമായ ഒരു പ്രണകാവ്യം അവതരിപ്പിക്കാനായിരിക്കുന്നു എന്നാണ് 'സീതാ രാമ'ത്തിന്റെ തിയറ്റര്‍ കാഴ്‍ചയും (Sita Ramam review).

ലണ്ടനില്‍ പഠിക്കുന്ന പാക്കിസ്ഥാൻകാരിയായ 'അഫ്രീനി'ലൂടെയാണ് 'സീതാ രാമ'ത്തിന്റെ കഥ പറച്ചില്‍. പാക്കിസ്ഥാൻ സൈനിക മേജര്‍ ആയിരുന്നു 'അഫ്രീന്റെ' മുത്തച്ഛൻ. 'ലെഫ്റ്റന്റ് റാം' 1965ല്‍ എഴുതിയ ഒരു കത്ത് 1985ല്‍ 'മിസ് സീതാലക്ഷ്‍മിയെ' ഏല്‍പ്പിക്കാൻ ഒരു പ്രത്യേക കാരണത്താല്‍ 'അഫ്രീൻ' മുത്തച്ഛനാല്‍ നിയോഗിക്കപ്പെടുന്നു. ഇന്ത്യയിലെയും പാക്കിസ്ഥാനിലും സൈനികര്‍ എങ്ങനെ സുഹൃത്തുക്കളായി എന്നതിനാലാണ് തീവ്ര രാജ്യസ്‍നേഹിയായ 'അഫ്രീന്റെ' അമ്പരപ്പ്. ആര്‍ക്കും അറിയാത്ത 'സീതാലക്ഷ്‍മി'യെ തേടിയുള്ള അന്വേഷണം മദ്രാജ് റെജിമെന്റില്‍ ലെഫ്റ്റന്റ് ആയിരുന്നു 'റാമി'നെ തേടുന്നതിലേക്ക് 'അഫ്രീനെ' എത്തിക്കുന്നു. ആരാണ് 'റാമെ'ന്നും ആരാണ് 'സീത'യെന്നും 'അഫ്രീ'ന്റെ അന്വേഷണത്തിലൂടെ പ്രേക്ഷകര്‍ അറിയുന്നു. 'റാമിന്റെ'യും 'സീതാ മഹാലക്ഷ്‍മി'യും പ്രണയ കഥ അങ്ങനെ ഇതള്‍വിരിയുന്നു. 'സീതാ രാമ'ത്തിന്റെ ആഖ്യാനം ടൈറ്റില്‍ കഥാപാത്രങ്ങളുടെ പ്രണയത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണെങ്കിലും പല അടരുകളുള്ള ഒരു സിനിമയായി വികസിക്കുന്നുമുണ്ട്.

പ്രൊഡക്ഷൻ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാതെയാണ് 'സീതാ രാമ'ത്തെ സ്‍ക്രീനില്‍ എത്തിച്ചിരിക്കുന്നത്. പഴയൊരു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം അതീവ ദൃശ്യമികവോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനില്‍ അതീവ ശ്രദ്ധ ചെലുത്താന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടുണ്ട്. ഛായാഗ്രാഹകരായ പി എസ് വിനോദും ശ്രേയാസ് കൃഷ്‍ണയുടെയും ക്യാമറക്കണ്ണുകള്‍ 'സീതാ രാമ'ത്തിന്റെ തിയറ്റര്‍ കാഴ്‍ചയ്ക്ക് ദൃശ്യചാരുത പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ മൊത്തം കളര്‍ ടോണും ലൈറ്റിംഗ് ആകര്‍ഷകമാണ്. 'സീതാ രാമ'ത്തിന്റെ ലൊക്കേഷനായ കശ്‍മീരിന്റെ കാഴ്ചഭംഗി അതേ മനോഹാരിതയോടെ ഛായാഗ്രാഹകന്‍മാര്‍ ക്യാമറയിലാക്കിയിട്ടുണ്ട്.

പ്രധാന കഥാപാത്രങ്ങളായ ദുല്‍ഖറും മൃണാള്‍ താക്കൂറും തൊട്ട് ചെറു വേഷങ്ങളുടെ കാസ്റ്റിംഗില്‍ വരെ ചെലുത്തിയ ശ്രദ്ധയും 'സീതാ രാമ'ത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയരായ അഭിനേതാക്കളെ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിരിക്കുന്നു. ദുല്‍ഖറിന്റെയും മൃണാല്‍ താക്കൂറിന്റെയും ഓണ്‍ സ്‍ക്രീന്‍ കെമിസ്‍ട്രി കാവ്യാത്മകമായ ഒരു പ്രണയകഥ പറയാന്‍ സംവിധായകന് സഹായകരാമാകുന്നു. അതീവ ചാരുതയോടെയാണ് 'റാമാ'യി ദുല്‍ഖറും 'സീതാ ലക്ഷ്‍മി'യായി മൃണാള്‍ താക്കുറും പകര്‍ന്നാടിയിരിക്കുന്നത്. പ്രണയരംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ദുല്‍ഖര്‍ ഒരുപോലെ മികവ് കാട്ടിയിരിക്കുന്നു. 'അഫ്രീനെ' അവതരിപ്പിക്കുന്ന രശ്‍മിക മന്ദാനയുടെ പ്രകടനവും സുഗമമായ കഥപറച്ചിലിന് ഏറ്റവും പ്രധാനപ്പെട്ട സംഗതിയായി മാറിയിരിക്കുന്നു. തരുൺ ഭാസ്‌കർ, സച്ചിൻ ഖേദേക്കർ, വെണ്ണല കിഷോർ, മുരളി ശർമ്മ, പ്രകാശ് രാജ്, ഭൂമിക, ഗൗതം വാസുദേവ് ​​മേനോൻ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനവും കഥയ്‍ക്ക് അനുയോജ്യമായതു തന്നെ.

'സീത'യുടെയും 'റാമി'ന്റെയും അതി മനോഹരമായ പ്രണയകഥയുടെ പശ്ചാത്തലം ഒരുക്കുന്നതിന് വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതവും പ്രധാന ഘടകമാണ്. കഥയുടെ ഒഴുക്കുമായി പാട്ടുകള്‍ ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. ഫൈസല്‍ അലിഖാന്റെയും ഇര്‍ഫാൻ റാഷിദ് ഖാന്റെയും കലാസംവിധാനവും 'സീതാ രാമ'ത്തിന്റെ കഥ പറച്ചിലിന്റെ കാലഘട്ടങ്ങളെയും പശ്ചാത്തലങ്ങളെയും വിശ്വനീയമാക്കി മാറ്റുന്നു.  കോസ്റ്റ്യൂം ഡിസൈൻ ചെയ്‍തിരിക്കുന്ന ശീതല്‍ ശര്‍മയാണ്.

'സീതാ രാമ'ത്തിന്റെ ക്രിയാത്മക സംഘാടകൻ എന്ന നിലയില്‍ ഹനു രാഘവപുഡി പ്രശംസ അര്‍ഹിക്കുന്നു. സ്വന്തം തിരക്കഥയില്‍ തന്നെയാണ് ഹനു രാഘവപുഡി ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദേശ സ്‍നേഹത്തിന്റെയും തീവ്രവാദത്തിന്റെയും എല്ലാത്തിലുമുപരി മനുഷ്യത്വത്തിന്റെയും പല അടരുകളുള്ള ചിത്രത്തിന്റെ കഥാഗതിയുടെ ആഖ്യാനം കയ്യടക്കത്തോടെ ഹനു രാഘവപുഡി നിര്‍വഹിച്ചിരിക്കുന്നു. പ്രേക്ഷകനെയും പ്രണയവും വിരഹവും അനുഭവപ്പെടുത്തുന്ന തരത്തിലാണ് 'സീതാ രാമ'ത്തിന്റെ ആഖ്യാനം ഹനു രാഘവപുഡി നിര്‍വഹിച്ചിരിക്കുന്നത്.

Read More : തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍? ആദ്യ പ്രദര്‍ശനങ്ങളില്‍ വന്‍ അഭിപ്രായം നേടി ദുല്‍ഖറിന്‍റെ 'സീതാ രാമം'

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു