Asianet News MalayalamAsianet News Malayalam

തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍? ആദ്യ പ്രദര്‍ശനങ്ങളില്‍ വന്‍ അഭിപ്രായം നേടി ദുല്‍ഖറിന്‍റെ 'സീതാ രാമം'

പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രമെന്നാണ് ട്വിറ്ററില്‍ വരുന്ന ആദ്യ അഭിപ്രായങ്ങള്‍

sita ramam fdfs audience response review dulquer salmaan mrunal thakur Hanu Raghavapudi
Author
Thiruvananthapuram, First Published Aug 5, 2022, 9:34 AM IST

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന യുവ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ (Dulquer Salmaan). അതിന്‍റെ ​ഗുണം അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ മിക്കപ്പോഴും പ്രതിഫലിക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ന് തിയറ്ററുകളിലെത്തിയ ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത റൊമാന്‍റിക് ഡ്രാമ ചിത്രം സീതാ രാമത്തില്‍ (Sita Ramam) കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. ഇന്നലെ നടന്ന യുഎസ് പ്രീമിയറിനും ആ​ഗോളമായി നടന്ന ചിത്രത്തിന്‍റെ ഇന്നത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കും ശേഷം മികച്ച അഭിപ്രായങ്ങളാണ് ട്വിറ്ററിലൂടെ പ്രവഹിക്കുന്നത്. 

പ്രൊഡക്ഷന്‍ ഡിസൈനിലും സ്കെയിലിലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സൂക്ഷ്മതയും വലുപ്പവുമുള്ള, പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രമെന്നാണ് ട്വിറ്ററില്‍ വരുന്ന ആദ്യ അഭിപ്രായങ്ങള്‍. കാവ്യാത്മകമായ പ്രണയകഥയാണ് ചിത്രത്തിലേതെന്നും ദുല്‍ഖറും മൃണാള്‍ ഥാക്കൂറും നന്നായെന്നും സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നു. ദുല്‍ഖര്‍- മൃണാള്‍ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി നന്നായി വന്നിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്‍റെ താളം അല്‍പംകൂടി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

2018ല്‍ പുറത്തെത്തിയ മഹാനടിയാണ് ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ജമിനി ​ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്. നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്‍ത ഈ ചിത്രം വിജയമായിരുന്നു. അതേസമയം പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് സീതാ രാമം എത്തിയിരിക്കുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പ് ഒഴികെ കേരളത്തിലും ചിത്രത്തിന് പ്രദര്‍ശനമുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. 112 സ്ക്രീനുകളിലാണ് സീതാരാമം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

ALSO READ : 'അറിയിപ്പി'ന്‍റെ ഹൗസ്‍ഫുള്‍ ഷോ കണ്ടത് 2500 പേര്‍; ലൊക്കാര്‍ണോ അനുഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Follow Us:
Download App:
  • android
  • ios