
ദുല്‍ഖര്‍ (Dulquer) നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന്റെ (Kurupu) റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തിരുന്നു കുറുപ്പ്. ആരാധകരെപോലെ ദുല്‍ഖറും കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
പകലിരവുകള്‍ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ കഥാപാത്രം പ്രണയം പറയുന്ന രംഗമാണ് ഗാനത്തിന്റെ തുടക്കം. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശോഭിത ധൂലിപാല നായികയാകുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ്.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം.
ദുല്‍ഖര്‍ നായകനായ ആദ്യ ചിത്രം 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്‍മി, ശിവജിത് പദ്‍മനാഭൻ തുടങ്ങിയവരും കുറുപ്പില്‍ അഭിനയിക്കുന്നുണ്ട്.