DYFI|സിനിമ ചിത്രീകരണങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകും; പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

By Web TeamFirst Published Nov 8, 2021, 1:59 PM IST
Highlights

കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. 

പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമെന്ന് ഡിവൈഎഫ്ഐ (Dyfi).റോഡ് തടഞ്ഞ് കൊണ്ട് സിനിമ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് (Youth Congress) പ്രതിഷേധിച്ചിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ(joju george) മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകർ ഷുട്ടിങ് സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ രം​ഗത്തെത്തിയത്. 

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ല. സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറയുന്നു. 

ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണ്ണരൂപം

സിനിമ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയം; സിനിമ ചിത്രീകരണത്തിന് സംരക്ഷണം നൽകും - ഡിവൈഎഫ്ഐ

പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണ്. സിനിമ ചിത്രീകരണങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാർച്ച്, നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്. ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ല. സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Joju George | വഴി തടഞ്ഞ് ചിത്രീകരണം? പൃഥ്വിരാജ് സിനിമാ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. വൈറ്റില ഹൈവേ ഉപരോധത്തെ തുടർന്നുള്ള ജോജു ജോർജ്ജ് കോൺഗ്രസ്സ് തർക്കത്തിൽ സമവായ ശ്രമങ്ങളെല്ലാം പാളിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ജോജുവിനെതിരെ നിലപാട് ആവർത്തിച്ചതോടെ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാൻ എറണാകുളം ഡിസിസി തീരുമാനിക്കുകയും ചെയ്തു.

Joju George| ജോജു ജോർജിന്‍റെ വാഹനം തകർത്ത സംഭവം; ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങും

അതേസമയം, ജോജു ജോർജ് കേസിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ ഇന്ന് വൈകുന്നേരം കീഴടങ്ങും. മുൻ മേയർ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ എറണാകുളം ഡിസിസി ആവശ്യപ്പെട്ടു. എന്നാൽ ജോജുവാണ് കൊച്ചിയിൽ പ്രശ്നമുണ്ടാക്കിയതെന്നാരോപിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചു.  കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി –വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. ശേഷിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുളളവരാണ് മരട് പൊലീസിൽ കീഴടങ്ങുന്നത്. 

click me!