സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് 'ഈ വലയം'; വെള്ളിയാഴ്ച തിയറ്ററുകളില്‍

Published : Jun 12, 2025, 10:37 PM IST
e valayalam malayalam movie from tomorrow

Synopsis

കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്‍റെ ദുരന്ത ഫലങ്ങൾ വരച്ചു കാട്ടുന്ന ചിത്രം

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം ഈവലയം നാളെ തിയറ്ററുകളിലെത്തും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്.

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത "ഈവലയം" ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഈ കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. ഡിജിറ്റൽ ആസക്തിയുടെ വൈകാരിക പ്രത്യാഘാതങ്ങളെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധർ ഗുരുതരമായ മുന്നറിയിപ്പുകൾ നൽകുന്ന ഒരു കാലത്താണ് ഈ ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. നോമോഫോബിയ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് "ഈവലയം".

പുതുമുഖ നടി ആഷ്‌ലി ഉഷയാണ് ഈ വലയത്തിലെ നായിക. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്ക്രീൻ ആസക്തി ബാധിച്ച കൗമാരക്കാരുടെ വൈകാരിക സംഘര്‍ഷങ്ങളും അവരുടെ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയും ഇത് ഫലപ്രദമായി പകർത്തുന്നു. ശ്രീജിത്ത് മോഹൻദാസ് രചനയും അരവിന്ദ് കമലാനന്ദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ റഫീഖ് അഹമ്മദ് എഴുതി ജെറി അമൽദേവ് സംഗീതം പകർന്ന രണ്ടു ഗാനങ്ങളും സന്തോഷ് വർമ്മ എഴുതി എബി സാൽവിൻ തോമസ് സംഗീതം നൽകിയ മറ്റൊരു ഗാനവുമുണ്ട്.

സിനിമയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യം കണക്കിലെടുത്തു സംസ്ഥാന സർക്കാർ വിനോദ നികുതി ഇളവ് നൽകിയിട്ടുണ്ട്. കുട്ടികളുടെ വിഭാഗത്തിലും പൊതുവിദ്യാഭ്യാസ വിഭാഗത്തിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ ചിത്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കുട്ടികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമ്മാതാവ് ജോബി ജോയ് വിലങ്ങൻപാറ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു