
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് അതില്‍ പ്രധാനം. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്‍റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്.
കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടി. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. വേദിയിലേക്ക് എത്തുന്ന മോഹന്‍ലാലിനെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. ചിത്രത്തിന്‍റെ രണ്ട് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ വീതം അണിയറക്കാര്‍ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും അഭിനേതാക്കള്‍ വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ക്യാരക്റ്റര്‍ പോസ്റ്ററും അവതരിപ്പിക്കുന്നത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും.
ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കേപ്‍ടൗണ്‍' വരുന്നു