
മലയാളം, തമിഴ് സിനിമാ പ്രേമികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് അപ്ഡേറ്റുകള്‍ വരുന്ന ദിവസമാണ് നാളെ. റിപബ്ലിക് ദിനത്തിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ടീസര്‍ പുറത്തെത്തുക. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ടീസര്‍ ലോഞ്ച് ചടങ്ങിലാണ് വീഡിയോ പുറത്തിറക്കുക. നാളെ വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച് ചടങ്ങ്. രാത്രി 7.07 ന് ടീസര്‍ ഓണ്‍ലൈനിലും റിലീസ് ആവും.
അതേസമയം വിജയ് ആരാധകരെ സംബന്ധിച്ചും ഏറെ ആവേശം ജനിപ്പിക്കുന്ന ദിനമാണ് നാളെ. വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദളപതി 69 ന്‍റെ ഫസ്റ്റ് ലുക്ക് നാളെ പുറത്തെത്തും. നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ പേര് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. വിജയ്‍ നായകനായി അരങ്ങേറിയ ചിത്രം നാളൈയ തീര്‍പ്പ് എന്ന് തന്നെ ആയിരിക്കും അവസാന ചിത്രത്തിന്‍റെയും പേര് എന്നാണ് അത്തരം പ്രചരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഫസ്റ്റ് ലുക്ക് നാളെ എപ്പോള്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.
മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷ ദിനം കൂടിയാണ് നാളെ. ആശിര്‍വാദിന്‍റെ ആദ്യ ചിത്രമായ നരസിംഹത്തിന്‍റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു. എമ്പുരാന്‍ ടീസര്‍ ലോഞ്ച് വേദിയില്‍ വച്ച് ആശിര്‍വാദിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ALSO READ : ഇതാണ് 'എസ് ഐ സന്തോഷ്'; 'പ്രാവിന്‍കൂട് ഷാപ്പി'ലെ 'ഷാര്‍പ്പ് ഷൂട്ടര്‍' സോംഗ് എത്തി