
മുംബൈ: ബോളിവുഡ് താരം ഇഷ ഡിയോളിനും ഭർത്താവ് ഭരത് ടക്താനിക്കും പെൺകുഞ്ഞ് പിറന്നു. ജൂൺ 10-നാണ് ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന് പിറ്റേന്ന് തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇഷ തന്റെ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു. 'മിരായ ടക്താനി' എന്നാണ് ഇഷയുടെ പിഞ്ചോമനയുടെ പേര്.
'നിങ്ങളുടെ സ്നേഹത്തിന് പ്രാർത്ഥനയ്ക്കും നന്ദി', മകളുടെ പേരിനൊപ്പം ഇഷ കുറിച്ചു. ജനുവരിയിലാണ് താൻ രണ്ടാമതും ഗർഭിണിയായ വിവരം ഇഷ വെളിപ്പെടുത്തിയത്. മൂത്ത മകൾ രാധ്യ ടക്താനി സോഫയിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗർഭിണിയാണെന്ന് വിവരം ഇഷ ആരാധകരുമായി പങ്കുവച്ചത്.
കുഞ്ഞനിയത്തി വരാൻ പോകുന്നുണ്ടെന്ന വിവരം അറിഞ്ഞത് മുതൽ രാധ്യ വളരെയധികം സന്തോഷത്തിലാണെന്ന് ഇഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിലപ്പോൽ രാധ്യ തന്റെ അടുത്ത് വന്നിരുന്നു വയറ്റിൽ ചുംബിക്കും. താനും ഭരതും അവളെ അടുത്ത് വിളിച്ച് വരുത്തും, എന്നിട്ട് വയറ്റിൽ നോക്കി കുഞ്ഞിന് ഹായ് പറയാൻ പറയും. രാധ്യ അതുപോലെ തന്നെ തന്റെ വയറ്റിൽ നോക്കി ഹായ് ബേബി എന്ന് പറയും. കുഞ്ഞെവിടെ എന്ന് താൻ ചോദിക്കുമ്പോൾ രാധ്യ അവളുടെ വയറ് കാണിക്കുമെന്നും ഇഷ പറഞ്ഞു.
2018 ഒക്ടോബർ 20-നാണ് രാധ്യ ടക്താനി ജനിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു ജനനം. ദീപാവലി കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്ക് ശേഷം ലക്ഷ്മി ദേവി പിറന്നു എന്നാണ് കുടുംബം കുഞ്ഞിന്റെ ജനനത്തെ വിശേഷിപ്പിച്ചത്. രാധ്യയുടെ ജനനത്തിന് മുമ്പ് ഇഷ ഡിയോളിന്റെ ബേബി ഷവറും ’രണ്ടാം വിവാഹ’വും ബി ടൗണിൽ ഏറെ ചർച്ചയായിരുന്നു.
നിറവയറുമായി ഇഷ രണ്ടാമതും വിവാഹം ചെയ്തത് ഭര്‍ത്താവ് ഭരത് ടക്താനിയെ തന്നെയാണ്. ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ചടങ്ങിന്റെ ഭാഗമായാണ് പുനര്‍വിവാഹം നടത്തിയത്. സിന്ധി വിശ്വാസികളായ ഭരത് ടക്താനി സിന്ധിയുടെ വീട്ടുകാരാണ് ഇഷയുടേയും ഭരതിന്റെയും പുനർവിവാഹം നടത്തിയത്.
ഇവരുടെ ആചാരപ്രകാരം ബേബി ഷവര്‍ ദിനത്തിൽ വധുവായെത്തിയ പെൺകുട്ടിയെ അച്ഛന്റെ മടിയിൽ നിന്ന് കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് ചടങ്ങ്. ഗോത്ത് ബാരിയെന്നാണ് ഈ ചടങ്ങിന്റെ പേര്. സൂപ്പർതാരം ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ ഡിയോൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ