
മലയാളത്തിലെ തനിക്ക് ഏറ്റവും പ്രിയങ്കരരായ നടന്മാരെക്കുറിച്ചും അവരുടെ ഏറ്റവും ഇഷ്‍ടപ്പെട്ട പ്രകടനങ്ങളെക്കുറിച്ചും ഫഹദ് ഫാസില്‍. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യത്തിനാണ് ഫഹദിന്‍റെ പ്രതികരണം. മലയാള സിനിമയില്‍ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയെന്നായിരുന്നു അഭിമുഖം നടത്തിയ ഭരദ്വാജ് രംഗന്‍റെ ചോദ്യം. അതിന് ഫഹദ് നല്‍കിയ മറുപടി ഇങ്ങനെ.
മോഹന്‍ലാല്‍- കിരീടം
മമ്മൂട്ടി- തനിയാവര്‍ത്തനം, ന്യൂഡല്‍ഹി
തിലകന്‍- കിരീടം, കൂടാതെ മുഴുവന്‍ സിനിമകളിലെയും അദ്ദേഹം അഭിനയിച്ച ഓരോ ഷോട്ടും എനിക്ക് പ്രിയപ്പെട്ടവയാണ്.
നെടുമുടി വേണു- ധനം, അഭിനയിച്ച എല്ലാ സിനിമകളും
"ഒരുപാട് മികച്ച അഭിനേതാക്കളുണ്ട് ഇവിടെ. എണ്‍പതുകളിലെ മലയാള സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് ഞാന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ (തിലകനെപ്പോലെയുള്ളവര്‍) കാലത്തിന് മുന്‍പേ സഞ്ചരിച്ചുവെന്ന് മനസിലാവും. തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്", ഫഹദ് വിശദീകരിക്കുന്നു.
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്‍ത സിനിമകള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നും ഫഹദ്. "യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്‍റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്‍റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്". അഭിനയിക്കുന്ന സിനിമകള്‍ ചുരുങ്ങിയപക്ഷം ആ മുന്‍ ക്ലാസിക്കുകള്‍ക്കൊപ്പം പ്രേക്ഷകരാല്‍ ചര്‍ച്ച ചെയ്യപ്പെടുകയെങ്കിലും വേണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പറയുന്നു ഫഹദ് ഫാസില്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ