ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്.

സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ കാരണം ഒരു ജീവൻ കവർന്നുവെന്ന വാർത്ത കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ദീപക് ആണ് ആത്മഹത്യ ചെയ്തത്. തന്റെ മകന്റെ വിയോ​ഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ദീപക്കിന്റെ അമ്മയുടെ മുഖം ഓരോരുത്തരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. യുവതിയ്ക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി നിൽക്കെ, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഈ അസരത്തിൽ ആസിഫ് അലി നായകനായി എത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഭാര്യ നൽകിയ വ്യാജ പരാതിയിൽപ്പെട്ട് കഴിയുന്ന സഹദേവൻ എന്ന യുവാവിന്റെ കഥയാണ് ആഭ്യന്തര കുറ്റവാളി പറഞ്ഞത്. സിനിമയുടെ അവസാന ഭാ​ഗത്തേക്ക് എത്തുമ്പോൾ കോടതി മുറയിൽ സഹദേവൻ സ്വയം വാദിക്കുന്ന രം​ഗമുണ്ട്. ഈ ഭാ​ഗം ഉൾക്കൊള്ളുന്ന വീഡിയോയാണ് ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. "സ്ത്രീ സംരംക്ഷണത്തിന് വേണ്ടിയാണ് സാറേ ഈ വകുപ്പ്. അല്ലാതെ പുരുഷന്മാരെ നശിപ്പിക്കാൻ വേണ്ടിയിട്ടല്ലെന്ന് അറിയാതെ പറഞ്ഞ് പോവുകയാണ്. ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു. പ്രതികരിക്കരുത്. കാരണം മരിച്ചത് ഒരു പുരുഷനാണ്", എന്നാണ് സഹദേവൻ കോടതി മുറയിൽ പറഞ്ഞ വാക്കുകൾ.

ഈ വീഡിയോകൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. ദീപക്കിന് നീതി വാങ്ങി നൽകണമെന്നാണ് ഇവർ ഓരോരുത്തരും ഒറ്റ സ്വരത്തിൽ പറയുന്നത്. "അവൾക്കൊപ്പമല്ല. അവനൊപ്പം, എല്ലാ ആണുങ്ങളും നല്ലതല്ല. അതുപോലെ എല്ലാ പെണ്ണുങ്ങളും നല്ലതല്ല. പക്ഷേ നിയമം പെണ്ണിന്റെ കൂടെ മാത്രം, മരിച്ചതല്ലലോ കൊന്നത് അല്ലെ, അല്ലേലും ആണൊരുത്തനു എന്തെങ്കിലും പറ്റിയാൽ ആരു ചോദിക്കാൻ വരാനാ?, പ്രതികരിക്കാൻ പാടില്ല. കാരണം അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ കിട്ടുന്ന റീച്ച് ഒന്നും ഇതിന് കിട്ടില്ല", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

View post on Instagram

സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ആഭ്യന്തര കുറ്റവാളി. 2025 ജൂണിൽ ആയിരുന്നു റിലീസ്. സ്ത്രീകൾ നൽകുന്ന വ്യാജ പരാതികളും അതിന്റെ പേരിൽ പുരുഷന്മാർ നേരിടേണ്ടി വരുന്ന മാനസികമായ സംഘർഷങ്ങളും എടുത്തു കാട്ടിയ സിനിമ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming