
നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചരണം നടക്കുകയാണെന്ന് സംവിധായകന്‍ വി കെ പ്രകാശ്. താന്‍ സംവിധാനം ചെയ്യുന്ന ലൈവ് എന്ന പുതിയ ചിത്രത്തിന്‍റെ ക്രൂവിന്‍റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ഇത് നടത്തുന്നതെന്നും അവര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും വി കെ പ്രകാശ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വി കെ പ്രകാശിന്‍റെ പ്രതികരണം.
ഞാൻ സംവിധാനം ചെയ്യുന്ന ലൈവ് സിനിമയുടെ ക്രൂവിൻ്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റിനെപ്പറ്റി ഇല്ലാത്തതും അപകീർത്തിപ്പെടുത്തുന്നതുമായ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ നടൻ. അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ, വി കെ പ്രകാശ് കുറിച്ചു.
ALSO READ : നായികയുടെ ബിക്കിനിയുടെ നിറം; ഷാരൂഖിന്‍റെ പഠാന്‍ സിനിമയ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ സിനിമാ സെറ്റുകളിലെ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റരീതികളെ വിമര്‍ശിച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും അവര്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. കൃത്യ സമയത്ത് സെറ്റില്‍ വരാതിരിക്കുക, സഹതാരങ്ങളോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യത പോലും കല്‍പ്പിക്കാതിരിക്കുക ഇവയൊക്കെ ഷൈനിന്‍റെ പെരുമാറ്റ രീതികളാണെന്നാണ് രഞ്ജു ആരോപിച്ചത്. അതേസമയം രഞ്ജു രഞ്ജിമാറിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് വി കെ പ്രകാശിന്‍റെ പോസ്റ്റ്. കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് ഷൈനിനെ വിമാനത്തില്‍ നിന്നും പുറത്താക്കിയ സംഭവത്തിനു ശേഷമായിരുന്നു രഞ്ജു രഞ്ജിമാറിന്‍റെ പ്രതികരണം.