Latest Videos

പാവപ്പെട്ടവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കുന്ന മമ്മൂട്ടി, ആരാധകന്റെ കുറിപ്പ്

By Web TeamFirst Published Mar 24, 2020, 11:59 AM IST
Highlights

കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതിയെന്നും കുറിപ്പില്‍ പറയുന്നു.

കൊറോണയ്‍ക്ക് എതിരെയുള്ള നിതാന്ത ജാഗ്രതയിലാണ് രാജ്യവും ലോകവും. കൊറോണ പടരാതിരിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. അതേസമയം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ചിലരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ കുറിച്ച് മമ്മൂട്ടി എഴുതിയ കുറിപ്പിന് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് ദാസ്.

സന്ദീപ് ദാസിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി. ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന. ലാലിന്റെ പക്ഷം ചേർന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു സ്‍കൂൾ കാലഘട്ടത്തിലെ എന്റെ പ്രധാന വിനോദം. പക്ഷേ ഇപ്പോൾ മമ്മൂട്ടിയോട് ആദരവും സ്നേഹവും മാത്രമേയുള്ളൂ.

കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !

കൊറോണയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി ഫേസ്‍ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്.അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള,അല്ലെങ്കിൽ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം...

വരികൾ വായിച്ചപ്പോൾ മനസ്സുനിറഞ്ഞു.തികഞ്ഞ മനുഷ്യസ്നേഹിയായ ഒരാൾക്കുമാത്രമേ ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുകയുള്ളൂ.

അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുക'' എന്നതാണ് കൊറോണക്കാലത്തെ മുദ്രാവാക്യം.പ്രിവിലേജ്ഡ് ആയ മനുഷ്യർക്കുമാത്രം സാധിക്കുന്ന കാര്യമാണത്.ഒരു ദിവസം ജോലി ചെയ്‍തില്ലെങ്കിൽ പട്ടിണിയിലാവുന്ന സാധുമനുഷ്യർ ഒരുപാടുള്ള രാജ്യമാണിത്.അവരെ പലരും മറന്നുപോയിരുന്നു എന്നതാണ് സത്യം.പക്ഷേ മമ്മൂട്ടിയ്ക്ക് മറവി ബാധിച്ചിട്ടില്ല !

സിനിമ ഗ്ലാമറിന്റെ ലോകമാണ്. ഒരു സൂപ്പർതാരത്തിന്റെ നിഘണ്ഡുവിൽ ദാരിദ്ര്യം,പട്ടിണി,വിശപ്പ് മുതലായ പദങ്ങളൊന്നും ഉണ്ടാവുകയില്ല.എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്ന മമ്മൂട്ടിയ്ക്ക് പാവപ്പെട്ടവന്റെ നൊമ്പരങ്ങൾ മനസ്സിലാകുന്നു എന്നത് ചെറിയ കാര്യമല്ല. പലർക്കും അതിന് സാധിക്കാറില്ല.

കോവിഡ്-19 സർവവും നശിപ്പിച്ച് മുന്നേറുന്ന സമയത്ത് രജനീകാന്തും അമിതാബ് ബച്ചനുമെല്ലാം പ്രദാനം ചെയ്‍തത് നിരാശമാത്രമാണ്. ജനതാ കർഫ്യൂവിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രജനീകാന്തിന്റെ വിഡിയോ ട്വിറ്റർ നീക്കം ചെയ്യുകയുണ്ടായി. ട്വീറ്റിലൂടെ അശാസ്‍ത്രീയത വിളമ്പിയ ബച്ചന് അവസാനം അത് ഡിലീറ്റ് ചെയ്യേണ്ടിവന്നു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ ഭാരതീയർ എങ്ങനെയാണ് പ്രതികരിച്ചത്? അവർ കൂട്ടത്തോടെ തെരുവിലിറങ്ങി പാത്രംകൊട്ടി ആർത്തുവിളിച്ചു ! അതോടെ കൊറോണ എന്ന ഭീഷണി പതിന്മടങ്ങായി വർധിച്ചു ! ഇതുപോലൊരു രാജ്യത്ത് ജീവിക്കുന്ന സെലിബ്രിറ്റികൾ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ബച്ചനും രജനിയ്ക്കും അത് ഇല്ലാതെപോയി.

ബോളിവുഡ് ഗായികയായ കനിക കപൂർ ഒരുപടി കൂടി മുന്നോട്ടുപോയി. അവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതാണ്.കരുതൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദ്ദേശിച്ചതുമാണ്. പക്ഷേ കനിക ധാരാളം സോഷ്യൽ ഇവന്റുകളിൽ പങ്കെടുത്തു!

സെലിബ്രിറ്റികൾക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ട്. അവർ തെറ്റു ചെയ്യുമ്പോൾ ഒരുപാട് പേർക്ക് തെറ്റുചെയ്യാനുള്ള പ്രേരണ ലഭിക്കുകയാണ്. ഇവിടെയാണ് മമ്മൂട്ടിയുടെ പ്രസക്തി. ഷൂട്ടിങ് നിർത്തിവെച്ച് വീട്ടിലിരിക്കുകയാണ് മമ്മൂട്ടി. വീട്ടിലിരിക്കാൻ സാധിക്കാത്തവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്.

കരുതൽനിരീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് അഭിപ്രായപ്പെട്ട അഭിനേതാക്കളുണ്ട്. എന്നാൽ സ്വയം രക്ഷിക്കുന്നതും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതും വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണെന്ന് മമ്മൂട്ടി പറയുന്നു

ഒരുപാട് ആദിവാസി ഊരുകളിൽ കരുണയുടെ മഴ പെയ്യിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. നിർധനരായ നിരവധി രോഗികൾക്ക് പുതിയ ജീവിതം നൽകിയ ആളാണ് മമ്മൂട്ടി. സഹപ്രവർത്തകരെ ഇത്രയേറെ ചേർത്തുനിർത്തുന്ന നടൻമാർ വിരളമായിരിക്കും.

അതുകൊണ്ടുതന്നെ ഒരു കാര്യം തറപ്പിച്ചുപറയാം. ദിവസവേതനം കൊണ്ട് ജീവിക്കുന്ന പാവം മനുഷ്യരെക്കുറിച്ച് മമ്മൂട്ടി എഴുതിയിട്ടുണ്ടെങ്കിൽ, അവർക്കുവേണ്ട സഹായങ്ങളും അദ്ദേഹം ചെയ്‍തുകഴിഞ്ഞിട്ടുണ്ടാവും. ഒഴിഞ്ഞ പാത്രങ്ങളിൽ അന്നമെത്തിയിട്ടുണ്ടാവും. കുറച്ചുകുടുംബങ്ങളെങ്കിലും ഇപ്പോൾ സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവും.

മഹാനടന്റെ മഹാസ്‍നേഹത്തിന്റെ കഥകൾ ലോകം അറിയണമെങ്കിൽ, സഹായം ലഭിച്ച മനുഷ്യർ തന്നെ വെളിപ്പെടുത്തേണ്ടിവരും. അല്ലാത്തപക്ഷം ആരാലുമറിയാതെ അവ മൺമറഞ്ഞുപോകും. മമ്മൂട്ടിയ്ക്ക് അതിൽ പരാതിയുണ്ടാവില്ല. മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം!    
 

click me!