'ആശുപത്രിയിലേക്ക് പോകുന്നതിനു മുന്‍പും എന്നെ വിളിച്ചു'; നെടുമുടി വേണുവിന്‍റെ അവസാന ഫോണ്‍കോള്‍ ഓര്‍ത്ത് ഫാസില്‍

By Web TeamFirst Published Oct 11, 2021, 8:02 PM IST
Highlights

പ്രിയസുഹൃത്തിന്‍റെ വിയോഗവേളയില്‍ ഫാസില്‍ പങ്കുവെക്കുന്ന ഓര്‍മ്മ

സിനിമയിലൊക്കെ എത്തുന്നതിനു മുന്‍പ് ആലപ്പുഴ എസ്‍ഡി കോളെജില്‍ നിന്ന് ആരംഭിക്കുന്നതാണ് നെടുമുടി വേണുവും (Nedumudi Venu) ഫാസിലും (Fazil) തമ്മിലുള്ള ചങ്ങാത്തം. കോളെജിനകത്തും പുറത്തുമുള്ള വേദികളില്‍ ഒരുമിച്ച് മിമിക്രി അവതരിപ്പിച്ചാണ് അവര്‍ തുടങ്ങിയത്. പ്രിയസുഹൃത്തിന്‍റെ വിയോഗവേളയില്‍ ഓര്‍മ്മ പങ്കുവെക്കുകയാണ് ഫാസില്‍.

"വേണുവിന്‍റെ സിനിമാജീവിതത്തില്‍ ഒരു നാഷണല്‍ അവാര്‍ഡ് (മികച്ച നടന്‍) കിട്ടിയില്ല എന്ന ഖേദമേ ഉള്ളൂ. ഭരതന്‍ സംവിധാനം ചെയ്‍ത 'ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ട'ത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അത് കിട്ടിയില്ല എന്ന ഒരു ചെറിയ ഖേദം ഒഴിച്ചാല്‍ മലയാളത്തില്‍ എല്ലാം നേടിയതാണ് നെടുമുടി വേണു. വേണുവിന്‍റെ ജീവിതം ഒരു മാതൃകയാണ് എല്ലാവര്‍ക്കും. എനിക്ക് നഷ്‍ടപ്പെട്ടത് വ്യക്തിപരമായി ഒരു വലിയ സുഹൃത്തിനെയാണ്, ഒരു കുടുംബ സുഹൃത്തിനെയാണ്. മരണത്തിലേക്ക് നയിച്ച ഈ ഹോസ്‍പിറ്റല്‍ ജീവിതത്തിന് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വേണു എന്നെ വിളിച്ചു. രാവിലെ എട്ട് മണിക്ക് എന്താണ് വിളിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു, ഞാനത് ചോദിച്ചു. ഞാന്‍ ചുമ്മാ വിളിച്ചെന്നേയുള്ളൂ, സംസാരിച്ചിട്ട് കുറച്ചുനാള്‍ ആയില്ലേ എന്ന് പറഞ്ഞു. ഞാന്‍ പിന്നെ വിളിച്ചോളാം ഫാസിലേ, വേറെ വിശേഷമൊന്നും ഇല്ലല്ലോ വെക്കട്ടെ.. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ സംസാരം", ഫാസില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്‍റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം 'പൂരം' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും (മികച്ച സഹനടന്‍, പ്രത്യേക പരാമര്‍ശം) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 

click me!