
കൊച്ചി : താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. പ്രസിഡന്റ് സ്ഥലത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് പോരാട്ടം. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം. ഏറെ വിവാദമായ തെരഞ്ഞെടുപ്പിൽ യുവ താരങ്ങൾ ഉൾപ്പെടെ ആരെല്ലാം വോട്ടെടുപ്പിന് എത്തുമെന്നതിലാണ് ആകാംക്ഷ.
സിനിമാ മേഖലയെ ആകെ നാണക്കേടിലാക്കിയ വിവാദമായ വെളിപ്പെടുത്തലുകളോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനിൽക്കാനാകാതെയാണ് കഴിഞ്ഞ ആഗസ്റ്റ് 27നാണ് മോഹൻലാൽ നേതൃത്വം നൽകുന്ന 'അമ്മ'യുടെ ഭരണസമിതി രാജിവെച്ചൊഴിഞ്ഞത്. അതിന് ശേഷം അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങൾക്ക് പഞ്ഞമുണ്ടായില്ല. ഒരു വർഷത്തോട് അടുക്കുന്ന വേളയിൽ 'അമ്മ' തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മോഹൻലാലും വ്യക്തമാക്കി. ഇതോടെ ഒരു സ്ത്രീ സംഘടനയെ നയിക്കുന്നതിലേക്ക് എത്തട്ടേയെന്ന രീതിയിൽ ചർച്ചകളുണ്ടായി. ആരോപണവിധേയർ മാറി നിൽക്കണമെന്ന് വന്നതോടെ പലർക്കും മത്സരിക്കാൻ കഴിയാതെ വന്നു.
അതിനിടെ മത്സര രംഗത്തുള്ള സ്ത്രീകൾക്കെതിരെയും ആരോപണങ്ങളുയർന്നു. കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദമാണ് സിനിമാ മേഖലയിലെ സ്ത്രീകൾ തന്നെ ഉയർത്തിയത്. തങ്ങൾ നേരിട്ട പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നായിരുന്നു പൊന്നമ്മ ബാബു അടക്കം നടിമാർ ഉയർത്തിയ ആരോപണം. ശ്വേതാ മേനോനെതിരെ സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ കേസടക്കമുണ്ടായി. ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമായിരുന്നു പരാതിക്കാരൻ അശ്ലീലരംഗങ്ങളായി പരാതിയിൽ ഉന്നയിച്ചത്.