ജി അരവിന്ദന്‍റെ 'കുമ്മാട്ടി' ഡിജിറ്റല്‍ റെസ്റ്റൊറേഷന്

By Web TeamFirst Published Jul 17, 2021, 1:19 PM IST
Highlights

ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം ഇറ്റലിയിലെ ബൊലോഗ്‍നയില്‍ നടക്കുന്ന ഇല്‍ സിനിമ റിട്രൊവാറ്റൊ ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും

ജി അരവിന്ദന്‍റെ വിഖ്യാത ചിത്രം 'കുമ്മാട്ടി' ഡിജിറ്റല്‍ റെസ്റ്റൊറേഷന് ഒരുങ്ങുന്നു. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവരുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് റെസ്റ്റൊറേഷന്‍ നടപ്പാക്കുന്നത്.

ചിത്രത്തിന്‍റെ ഒറിജിനല്‍ ക്യാമറ നെഗറ്റീവുകളൊന്നും നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ ഡിജിറ്റല്‍ റെസ്റ്റോറേഷന്‍ പ്രയാസമേറിയതാണെന്ന് ഫിലിം ഹെറിറ്റേഡ് ഫൗണ്ടേഷന്‍ അറിയിക്കുന്നു. ക്യാമറ നെഗറ്റീവുകള്‍ ലഭ്യമല്ലാത്തതിനാല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ സൂക്ഷിച്ചിരുന്ന, ചിത്രത്തിന്‍റെ പ്രിന്‍റുകളില്‍ നിന്നാണ് റെസ്റ്റൊറേഷന്‍ നടപ്പാക്കുന്നത്.

 

ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം ഇറ്റലിയിലെ ബൊലോഗ്‍നയില്‍ തന്നെ നടക്കുന്ന ഇല്‍ സിനിമ റിട്രൊവാറ്റൊ ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. ചലച്ചിത്രകലയുടെ ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന ചലച്ചിത്രോത്സവമാണ് ഇത്. ലോകമെമ്പാടുനിന്നുമുള്ള ക്ലാസിക്കുകളും റെട്രോസ്‍പെക്റ്റീവുകളും ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തിയ ചിത്രങ്ങളുമാണ് ഈ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാറ്.

ജനറല്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കെ രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ച്, ജി അരവിന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കുമ്മാട്ടി 1979ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. കാവാലം നാരായണ പണിക്കര്‍ വരികളെഴുതിയ പന്ത്രണ്ട് പാട്ടുകള്‍ ചിത്രത്തിലുണ്ടായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ചിത്രത്തിന് ലഭിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!