റെനീഷ റഹ്മാന് പിന്തുണയുമായി അഖില്‍ മാരാര്‍.
കഴിഞ്ഞ രണ്ട് ദിവസമായി നടിയും ബിഗ് ബോസ് താരവുമായ റെനീഷ റഹ്മാനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മാർച്ച് 3ന് നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് റെനീഷയും പങ്കെടുത്തിരുന്നു. ആദ്യമായി പൊങ്കാല ഇട്ട സന്തോഷം റെനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ വലിയതോതിൽ സൈബർ അറ്റാക്കാണ് റെനീഷയ്ക്ക് നേരിടേണ്ടി വന്നത്. നോമ്പ് കാലത്ത് ഇത് വേണമായിരുന്നോ എന്നും മതം മാറിക്കൂടെ എന്നെല്ലാം ചോദിച്ചായിരുന്നു കമന്റുകൾ. സൈബർ അറ്റാക്ക് ശക്തമായതോടെ തന്റെ ഭാഗം വ്യക്തമാക്കി റെനീഷ വീഡിയോയും ചെയ്തിരുന്നു.
കമന്റുകൾക്കുള്ള റെനീഷയുടെ മറുപടി ഇരുകയ്യും നീട്ടിയായിരുന്നു കേരളക്കര സ്വീകരിച്ചത്. ഇപ്പോഴിതാ റെനീഷ റഹ്മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസിൽ സഹമത്സരാർത്ഥി കൂടിയായിരുന്ന അഖിൽ മാരാർ. മതത്തെ അപമാനിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ പറഞ്ഞ അഖിൽ, ഒപ്പമുണ്ടെന്ന വാക്കും നൽകി.
'ഒപ്പമുണ്ട്..നെഗറ്റിവിറ്റി നിനക്കല്ല നിന്നെ എതിര്‍ക്കുന്നതിലൂടെ നിന്‍റെ സമൂഹത്തിനാണ്. മതത്തെ അപമാനിക്കാന്‍ നടക്കുന്ന തീവ്രവാദികളെ ശ്രദ്ധിക്കാതെ നിന്‍റെ സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് സുഖമായി ജീവിക്കൂ..', എന്നായിരുന്നു അഖിൽ മാരാരുടെ കമന്റ്.

'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചു കൊണ്ടായിരുന്നു റെനീഷ സന്തോഷം പങ്കിട്ടത്. പൊങ്കാല കലത്തിന് മുന്നില്‍ ഭക്തിയോടും കണ്ണുനിറഞ്ഞും പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന റെനീഷയെ വീഡിയോകളില്‍ കാണാമായിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനങ്ങള്‍ വന്നത്. ഇത് കടുത്തതോടെ റെനീഷ മറുപടിയും നല്‍കി. 100 ശതമാനം വിശ്വാസത്തോടും പ്രാര്‍ഥനയോടും തന്നെയാണ് താന്‍ ആ പൊങ്കാലയിട്ടതെന്നും എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേയെന്നും റെനീഷ ചോദിച്ചിരുന്നു.



