ജീവകാരുണ്യ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നു; സല്‍മാന്‍ ഖാനെതിരെ അഭിനവ് കശ്യപ്

By Web TeamFirst Published Jun 20, 2020, 12:15 PM IST
Highlights

ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സമയത്ത് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംഘടന രൂപീകരിക്കുന്നത്.  ഒരു ഗുണ്ട എന്ന നിലയില്‍ നിന്ന് ഒരു മനുഷ്യ സ്നേഹി എന്ന നിലയിലേക്ക് സല്‍മാന്‍ ഖാന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഈ സംഘടനയ്ക്ക് സാധിച്ചുവെന്നും അഭിനവ് കശ്യപ്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ചാരിറ്റബിള്‍ സംഘടനയായ ബീയിംഗ് ഹ്യൂമനെതിരെ ഗുരുതര ആരോപണവുമായി ദബാംഗ് എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അഭിനവ് കശ്യപ്. ബീയിംഗ് ഹ്യൂമന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ മറവില്‍ വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുവെന്നാണ് ആരോപണം. നിയമപരമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സല്‍മാന്‍ ഖാന്‍ ഉപയോഗിക്കുന്ന മറയാണ് ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനമെന്നും അഭിനവ് കശ്യപ് ആരോപിക്കുന്നു.

ദബാംഗ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് താന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും സംവിധായകന്‍ ആരോപിക്കുന്നു. ഷൂട്ടിംഗിന് ഇടയില്‍ ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ട് അഞ്ച് സൈക്കിളുകള്‍ സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത 500 സൈക്കിള്‍ വിതരണം ചെയ്തുവെന്നായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സമയത്ത് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംഘടന രൂപീകരിക്കുന്നത്.  ഒരു ഗുണ്ട എന്ന നിലയില്‍ നിന്ന് ഒരു മനുഷ്യ സ്നേഹി എന്ന നിലയിലേക്ക് സല്‍മാന്‍ ഖാന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഈ സംഘടനയ്ക്ക് സാധിച്ചുവെന്നും സംവിധായകന്‍ പറയുന്നു. 

സല്‍മാൻ ഖാൻ ഭീഷണിപ്പെടുത്തുന്നു, ജീവിതം തകര്‍ക്കാൻ ശ്രമിക്കുന്നു, ആരോപണങ്ങളുമായി സംവിധായകൻ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മേളകളില്‍ 500 രൂപയുടെ ജീന്‍സ് വില്‍ക്കുന്നത് 5000 രൂപയ്ക്കാണ്. ജനങ്ങളുടെ മുന്‍പില്‍ വലിയ ആളായി മാറുന്നു. ഒപ്പം തന്‍റെ അനധികൃതമായ ഇടപാടുകള്‍ ഇതിലൂടെ സുഗമമായി നടത്തുകയും ചെയ്യുകയാണ് സല്‍മാന്‍ ചെയ്യുന്നത്. നിരവധി സാധാരണക്കാരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ബീയിംഗ് ഹ്യൂമന്‍ എന്ന ജീവകാരുണ്യ സംഘടനയ്ക്കെതിരേ അന്വേഷണം വേണമെന്നും അഭിനവ് കശ്യപ് ആവശ്യപ്പെടുന്നു. 
യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ സല്‍മാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കരിയര്‍ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അഭിനവ് കശ്യപ് ആരോപിച്ചിരുന്നു
 

click me!