സുശാന്ത് സിംഗിന്റെ മരണം വലിയ വിവാദങ്ങളിലേക്കാണ് ഹിന്ദി സിനിമ ലോകത്തെ എത്തിച്ചിരിക്കുന്നത്. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് ആത്മഹത്യക്ക് കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ സ്വജനപക്ഷപാതവും വേര്‍തിരിവുമൊക്കെയാണ് സുശാന്തിനെ മരണത്തിലേക്ക് എത്തിച്ചത് എന്നാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദി സിനിമ ലോകത്തെ മോശം പ്രവണതകളെ വിമര്‍ശിച്ചും താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സല്‍മാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കരിയര്‍ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് സിങ് കശ്യപും രംഗത്ത് എത്തി.

സല്‍മാൻ ഖാൻ നായകനായ ഹിറ്റ് ചിത്രം ദബാങ് സംവിധാനം ചെയ്‍തത് അഭിനവ് സിങ് കശ്യപ് ആണ്. എന്നാല്‍ ആ ചിത്രത്തിന് ശേഷം മറ്റൊരു സിനിമ ചെയ്യാൻ ശ്രമിച്ച തനിക്ക് സല്‍മാൻ ഖാന്റെ കുടുംബത്തില്‍ നിന്ന് നിരന്തരമായി പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നാണ് അഭിനവ് സിങ് കശ്യപ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. സല്‍മാൻ ഖാന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാന്‍ തന്നെ കിട്ടില്ലെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു. ദബാങിന് ശേഷം മറ്റൊരു സിനിമ ചെയ്യാൻ ശ്രമിച്ചതിന് എതിരെ സല്‍മാൻ ഖാനും കുടുംബവും നിലകൊണ്ടു.  മറ്റ് നിര്‍മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണികള്‍ക്കു മുന്‍പില്‍ ആ കമ്പനികള്‍ പിന്മാറി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് 'ബേശരം' എന്ന സിനിമ സംവിധാനം ചെയ്‍തു. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്‍ ഖാന്റെ ഏജന്‍സി അഴിച്ചുവിട്ടത് എന്ന്  അഭിനവ് സിങ് കശ്യപ് പറയുന്നു.

ഒരുപാട് പ്രതിബന്ധങ്ങള്‍ നേരിട്ട് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രം റിലീസ് ചെയ്‍തു. എന്നാല്‍ ട്രോളുകളിലൂടെയും പ്രചാരണങ്ങളിലൂടെയും സിനിമയെ പരാജയപ്പെടുത്താനായിരുന്നു സല്‍മാൻ ഖാന്റെ ശ്രമമെന്നും  അഭിനവ് സിങ് കശ്യപ് പറയുന്നു.

ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ 58 കോടി രൂപ നേടാനായി. സാറ്റലൈറ്റ് നേടാൻ ശ്രമിച്ചപ്പോഴും ഇടപെടലുമായി സല്‍മാൻ ഖാന്റെ കുടുംബം എത്തി. കരിയര്‍ മാത്രമല്ല വ്യക്തിജീവിതം തകര്‍ക്കാനും സല്‍മാന്‍ ഖാന്റെ കുടുംബം ശ്രമിച്ചു. സല്‍മാന്‍ ഖാന്‍, പിതാവ് സലിം ഖാന്‍, സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളുണ്ടായി. ഇവരുടെ നിരന്തരശല്യം നിമിത്തം വിവാഹബന്ധം വരെ വേര്‍പ്പെടുത്തേണ്ടി വന്നുവെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു. 10 വര്‍ഷമായി സല്‍മാൻ ഖാനില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ക്രൂരത നേരിടേണ്ടി വരുന്നുവെന്നും അതിന്റെ തെളിവുണ്ടെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു.

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവിടെ നിന്നും സഹായം ലഭിച്ചില്ല. സല്‍മാന്‍ ഖാന്റെ ഇഷ്‍ടത്തിനനുസരിച്ച് നില്‍ക്കാന്‍ തയാറാവാത്തതിന്റെ പേരിലാണ് ഇത്രയും പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു. ഹിന്ദി സിനിമ ലോകത്ത് മാറ്റങ്ങള്‍ വരണമെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു.

സല്‍മാൻ ഖാന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാന്‍ തന്നെ കിട്ടില്ലെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു. ഇതിന് ഒരു അന്ത്യം കാണുന്നതു വരെ പോരാടും. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ കഴിയില്ല. തിരിച്ചു പൊരുതേണ്ട സമയമായിയെന്നും അഭിനവ് സിങ് കശ്യപ് പറയുന്നു. ഒരുപാട് ആരാധകരാണ് അഭിനവ് സിങ് കശ്യപിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നതും. ഹിന്ദി സിനിമാ ലോകം മാറ്റത്തിന് തയ്യാറാകണമെന്നാണ് ആരാധകര്‍ പറയുന്നത്.