ഇന്നസെന്‍റിന്‍റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ; പൊട്ടിച്ചിരിപ്പിച്ച നടനെ ഒരു നോക്ക് കാണാൻ കണ്ണീരോടെ ആയിരങ്ങൾ

By Web TeamFirst Published Mar 27, 2023, 8:10 AM IST
Highlights

11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും.

കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ പൊതുദർശനം ആരംഭിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പൊതുദർശനം നടക്കുന്നത്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ നിന്നും നേരെ ഇവിടേക്ക് എത്തിക്കുക ആയിരുന്നു. വെള്ളിത്തിരയിൽ അത്ഭുതം തീർത്ത അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.

മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. 

11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇവിടെ നടന്‍റെ കുടുംബ കല്ലറ ഉണ്ട്. പ്രദേശത്ത് മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്കാരവും നടക്കുക. 

'പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവും': ഉള്ളുലഞ്ഞ് മോഹൻലാൽ

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  

click me!