
മുംബൈ: ഹിന്ദി ടെലിവിഷന്‍ ഗെയിം ഷോ ആയ 'കോന്‍ ബനേഗ ക്രോര്‍പതി' നിര്‍മ്മാതാക്കള്‍ക്കും പരിപാടിയുടെ അവതാരകനായ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനുമെതിരെ എഫ്ഐആര്‍. ക്രോര്‍പതിയുടെ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 30) എപ്പിസോഡില്‍ വന്ന ഒരു ചോദ്യം ഹിന്ദുവിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍. ഡോ. ബി ആര്‍ അംബേദ്‍കറും അനുയായികളും മനുസ്‍മൃതി കത്തിച്ചതിനെക്കുറിച്ചുള്ള ചോദ്യമാണ് സമൂഹമാധ്യമമായ ട്വിറ്ററില്‍ ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഭിമന്യു പവാര്‍ ആണ് നടപടി ആവശ്യപ്പെട്ട് ലാത്തൂര്‍ എസ്‍പിക്ക് പരാതി നല്‍കിയത്.
സാമൂഹ്യപ്രവര്‍ത്തകനായ ബെസ്‍വാഡ വില്‍സണ്‍, നടന്‍ അനൂപ് സോണി എന്നിവരോടുള്ള, 6.40 ലക്ഷം രൂപ സമ്മാനത്തുകയുള്ള ചോദ്യമായിരുന്നു ഇത്. "1927 ഡിസംബര്‍ 25ന് ഡോ. ബി ആര്‍ അംബേദ്‍കറും അദ്ദേഹത്തിന്‍റെ അനുയായികളും കത്തിച്ചത് ഇതില്‍ ഏത് ഗ്രന്ഥമാണ്?" എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയ ചോദ്യം. ഉത്തരത്തിനായി നല്‍കിയിരുന്ന ഓപ്‍ഷന്‍സ് വിഷ്‍ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്‍മൃതി എന്നിങ്ങനെ ആയിരുന്നു. ശരിയുത്തരം പറഞ്ഞതിനുശേഷം അമിതാഭ് ബച്ചന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു- "ജാതിവിവേചനത്തെയും തൊട്ടുകൂടായ്‍മയേയും തത്വശാസ്ത്രപരമായി ന്യായീകരിക്കുന്നതിനാല്‍ 1927ല്‍ അംബേദ്‍കര്‍ മനുസ്‍മൃതിയെ അപലപിക്കുകയും അതിന്‍റെ കോപ്പികള്‍ കത്തിക്കുകയുമായിരുന്നു".
ചോദ്യത്തിനൊപ്പം നല്‍കിയിരുന്ന നാല് ഓപ്‍ഷന്‍സും ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിവേല്‍പ്പിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണെന്നതിന്‍റെ തെളിവാണ് ഇതെന്നും പരാതി നല്‍കിയ ബിജെപി എംഎല്‍എ അഭിമന്യു പവാര്‍ ആരോപിക്കുന്നു. "ഹിന്ദുമതത്തിലെ വേദഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ളതാണെന്ന ഒരു സന്ദേശമാണ് ഈ ചോദ്യം നല്‍കുന്നത്. ഹിന്ദു, ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക എന്ന ഉദ്ദേശവും ഈ ചോദ്യത്തിനുണ്ട്", പവാര്‍ പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം അമിതാഭ് ബച്ചനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ പുരോഗമിക്കുകയാണ്. ബച്ചന്‍ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹത്തെ ബഹിഷ്കരിക്കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ ആ ചോദ്യത്തിലും അദ്ദേഹത്തിന്‍റെ വിശദീകരണത്തിലും തെറ്റൊന്നും കാണുന്നില്ലെന്ന് മറ്റൊരു വിഭാഗം പറയുന്നു. മനുസ്‍മൃതിയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും അതേസമയം അതിന്‍റെ പേരില്‍ അവതാരകനായ അമിതാഭ് ബച്ചനെതിരെ തിരിയുന്നതില്‍ കാര്യമെന്താണെന്ന് ചോദിക്കുന്ന മൂന്നാമതൊരു വിഭാഗവും ചര്‍ച്ചകളില്‍ സജീവമാണ്. നിരവധി ഹാഷ്‍ ടാഗുകളും ഈ വിഷയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ