സംവിധാനം ആഷിക് അബു, വേണു, ജയ് കെ; 'ആണും പെണ്ണും' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Feb 21, 2021, 6:58 PM IST
Highlights

മൂന്ന് ലഘു ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജി. മാര്‍ച്ച് 26ന് തിയറ്ററുകളില്‍

മലയാളത്തില്‍ ഒരു ആന്തോളജി ചിത്രം കൂടി റിലീസിന് തയ്യാറെടുക്കുന്നു. ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ലഘു ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജിയുടെ പേര് 'ആണും പെണ്ണും' എന്നാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ചിത്രം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.

ഉണ്ണി ആറിന്‍റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കുന്നത്. ചെറുക്കനും പെണ്ണും എന്നാണ് ചിത്രത്തിന്‍റെ പേര്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. 

ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം. തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെ. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. 'എസ്ര' സംവിധായകന്‍ ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. സി കെ പദ്‍മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

click me!