ട്രംപിന്റെ ഭാര്യയുടെ സിനിമ; ഫ്രീ ടിക്കറ്റ്, കാണാന്‍ കാശ് വേണ്ട, കണ്ടാലോ കാശ് ഇങ്ങോട്ട്കിട്ടും; പക്ഷേ, മുഴുവന്‍ കാണണം!

Published : Feb 01, 2026, 05:07 PM IST
melania documentary

Synopsis

അങ്ങനെയാണ്, നിര്‍മാതാവ് ഈ ഓഫര്‍ വെച്ചത്. സിനിമ കാണാന്‍ സൗജന്യ ടിക്കറ്റ്, സിനിമ കണ്ടാല്‍ 50 ഡോളര്‍ അഥവാ നാലായിരത്തഞ്ഞൂറ് ഇന്ത്യന്‍ രൂപ. ഒരു വ്യവസ്ഥയുണ്ട്. സിനിമ തീരുംവരെ സീറ്റിലിരിക്കണം, Melania Movie | Trump 

ഈ സിനിമ കാണാന്‍ കാശ് വേണ്ട, കണ്ടാലോ നാലായിരത്തഞ്ഞൂറ് രൂപ ഇങ്ങോട്ട് കിട്ടും.

കൊള്ളാല്ലോ. ഇങ്ങനെയാണേല്‍ ആരും സിനിമ കണ്ടുപോവും എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. കാശു കൊടുത്തിട്ടും ഈ സിനിമ കാണാനാളില്ല. ഇക്കഴിഞ്ഞ ദിവസമാണ് സിനിമ റിലീസായത്. വെറും റിലീസല്ല ഗ്ലോബല്‍ റിലീസ്. സിനിമയുടെ പേര്, മെലാനിയ 20 Days to history. ബിഗ് ബജറ്റ് സിനിമയാണ്. എന്നിട്ടും തിയറ്ററില്‍ സിനിമയ്ക്ക് ആളു കയറിയില്ല. ഒന്നും രണ്ടും ടിക്കറ്റ് മാത്രമാണ് വിറ്റുതീര്‍ന്നത്. അങ്ങനെയാണ്, സിനിമയുടെ നിര്‍മാതാവ് ഈ ഓഫര്‍ വെച്ചത്. സിനിമ കാണാന്‍ സൗജന്യ ടിക്കറ്റ്, സിനിമ കണ്ടാല്‍ 50 ഡോളര്‍ അഥവാ നാലായിരത്തഞ്ഞൂറ് ഇന്ത്യന്‍ രൂപ. ഒരു വ്യവസ്ഥയുണ്ട്. സിനിമ തീരുംവരെ സീറ്റിലിരിക്കണം, ഇടയ്ക്ക് ഇറങ്ങിപ്പോവരുത്.

എന്നിട്ടും ഒരാളും ഈ സിനിമയ്ക്ക് തലവെയ്ക്കുന്നില്ല. പകരം, നിര്‍മാതാക്കളെയും അതിനു കാരണക്കാരെയും ഊടുപാട് തെറിപറയുകയാണ് നാട്ടുകാര്‍. എന്താണ് കാരണമെന്നോ? ഈ സിനിമ മെലാനിയയുടെ കഥയാണ്. അതായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലവിലെ ഭാര്യ മെലാനിയ ട്രംപിന്റെ കഥ. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്ന ആ 20 ദിവസത്തെ കഥയാണ് സിനിമ പറയുന്നത്.

ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് മെലാനിയ. ആദ്യ ഭാര്യ ഇവാന ട്രംപ് 1992-ല്‍ വിവാഹമോചിതയായി. പിറ്റേവര്‍ഷം ട്രംപ് കെട്ടിയ മാര്‍ല മേപ്പിള്‍സ് ആറു കൊല്ലത്തിനു ശേഷം 1999-ലും ഡിവോഴ്‌സായി. തുടര്‍ന്നാണ്, ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2005-ല്‍ ട്രംപിന്റെ മൂന്നാം ഭാര്യയായി മെലാനിയ എത്തിയത്. മൂന്നാം ഭാര്യയാണെങ്കിലും അമരിക്കയുടെ പ്രഥവനിതയാണ് മെലാനിയ. ട്രംപിന് ഭാര്യയോട് മുടിഞ്ഞ പ്രേമമാണ്. അങ്ങനെയാണ്, ഭാര്യയുടെ സിനിമ ആവേശഭരിതനായി ട്രംപ് ഇറക്കിയത്.

ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലും യൂറോപ്പിലും സിനിമ റിലീസായി. അതിനു തൊട്ടുമുമ്പായി ട്രംപിന്റെ ഒരു പോസ്റ്റ് വന്നു. മെലാനിയ വരുന്നു, മസ്റ്റ് വാച്ചാണ്. ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്. അതിനാല്‍, പെട്ടെന്ന് കണ്ടോ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ വാര്‍ത്തകള്‍ വന്നു. ട്രംപ് പറഞ്ഞതുപോലല്ല, ആകെ ഒന്നും രണ്ടും ടിക്കറ്റാണ് വിറ്റുപോവുന്നത്. ബോസ്റ്റണിലെ ഏറ്റവും വലിയ തിയേറ്ററില്‍ ആദ്യ ഷോയ്ക്ക് ഒറ്റ ടിക്കറ്റ് പോലും വിറ്റില്ലെന്നാണ് പ്രൊഡ്യൂസര്‍ തന്നെ സമ്മതിച്ചത്. തുടര്‍ന്നാണ് അദ്ദേഹം, ഫ്രീ ടിക്കറ്റും അമ്പത് ഡോളറും പ്രഖ്യാപിച്ചത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ സിനിമയ്ക്ക് കുറച്ചാളുകള്‍ കയറി. പക്ഷേ, എല്ലാം പ്രായം ചെന്നവര്‍. സിനിമ കഴിഞ്ഞ്, അമേരിക്കന്‍ കൊടിപൊക്കി ട്രംപിനെ വാഴ്ത്തിയാണ് ഇവര്‍ പുറത്തിറങ്ങിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ടിക്കറ്റ് എടുത്തത് ഒറ്റയൊരാള്‍. ലണ്ടനില്‍ വെറും രണ്ട് ടിക്കറ്റേ വിറ്റുപോയുള്ളൂ എന്ന് ഗാര്‍ഡിയന്‍ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോളതലത്തിലും തണുപ്പന്‍ പ്രതികരണം തന്നെ. ഡബ്ലിനിലെ രണ്ട് തിയേറ്ററുകളിലായി ആകെ വിറ്റത് 13 ടിക്കറ്റുകള്‍. കാനഡയിലെ ടൊറന്റോയില്‍ ഏറ്റവും വലിയ തിയേറ്ററില്‍ ഒറ്റ ടിക്കറ്റ് പോലും വിറ്റില്ല. ആളില്ലാത്തതിനാല്‍, സിനിമ കളിക്കേണ്ടെന്ന് ദക്ഷിണാഫ്രിക്കയില്‍ തിയറ്ററുകാര്‍ തന്നെ തീരുമാനിച്ചു.

സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മെലാനിയ തന്നെയാണ്. സംവിധാനം ബ്രെറ്റ് രത്നര്‍. 2017-ല്‍ മീറ്റൂ ലൈംഗികാരോപണത്തില്‍ കുടുങ്ങി നാറിയ അതേ സംവിധായകന്‍. സിനിമയുടെ വിതരണാവകാശം ആമസോണ്‍ എംജിഎം സ്റ്റുഡിയോസിനാണ്. വൈറ്റ് ഹൗസുമായി ബന്ധം മെച്ചപ്പെടുത്താന്‍ പെടാപ്പാട് പെടുന്ന ആമസോണ്‍ മുതലാളി ജെഫ് ബറോസ് 40 മില്യണ്‍ ഡോളറിനാണ് റൈറ്റ് വാങ്ങിയത്. അതായത് 366 കോടി രൂപ. പ്രമോഷന് വേണ്ടി മറ്റൊരു 35 മില്യന്‍ ഡോളര്‍ ചെലവാക്കി. എന്നുവെച്ചാല്‍, 320 കോടി. സംഗതി പൊട്ടിയാലും മറ്റുനിലയ്ക്ക് മെച്ചമാവുമെന്ന് കണ്ടാണ് ആമസോണ്‍ മുതലാളി കച്ചവടത്തിന് ഇറങ്ങിയതെന്നാണ് വിമര്‍ശനം.

ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സമയത്താണ് സിനിമ റിലീസായത്. മിനിയാപോളിസ് ട്രംപിന്റെ കുടിയേറ്റനയങ്ങള്‍ക്കെതിരെ നിന്നുകത്തുകയാണ്. ട്രംപിന്റെ മുഖംമൂടിപ്പൊലീസായ ഐസ് മിനിയാപോളിസില്‍ അലക്‌സ് പ്രെറ്റി എന്നയാളെ വെടിവെച്ചുകൊന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറ്റ് ഹൗസില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടന്നത്. നാട് കത്തുമ്പോള്‍ ട്രംപ് സിനിമ കാണിക്കുന്നു എന്ന നിലയില്‍ ഇത് വന്‍ വിവാദമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മ്യൂസിക്കല്‍ ലവ് സ്റ്റോറി 'നാല്‍പതുകളിലെ പ്രണയം പ്രദർശനത്തിന്
ട്വിസ്റ്റിലല്ല, വൈകാരികതയിലാണ് കാര്യം; ട്രാക്ക് മാറ്റുന്ന ജീത്തു ജോസഫ്, വേറിട്ട അനുഭവമായി 'വലതുവശത്തെ കള്ളന്‍'