
പൂനെ: നീറ്റ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തെത്തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയത്തിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനും നടനുമായ ആർ മാധവന്റെ മൗനത്തിനെതിരെ എഫ്‌ടിഐഐ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മാധവന്റെ എഫ്‌ടിഐഐ ഓഫീസിന് മുന്നിൽ മിസ്സിങ് പോസ്റ്റർ പതിച്ചാണ് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉയർത്തിയത്. ഡൽഹി ജന്ദർ മന്തറിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാവുകയാണ്. മെയ് 20-ന് ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തിയതോടെ സമരം കൂടുതൽ ശക്തമായിരുന്നു. ഡൽഹിയിൽ പ്രതിഷേധം കനക്കുമ്പോഴും പ്രമുഖ ചലച്ചിത്ര സ്ഥാപനത്തിന്റെ ചെയർമാൻ എന്ന നിലയിൽ വിഷയത്തിൽ പ്രതികരിക്കാത്തതിനാണ് ആർ മാധവനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാധവന്റെ ഓഫീസിന് മുന്നിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിച്ചു. "R. Madhavan, Chairman, FTII" എന്ന നെയിംപ്ലേറ്റിന് മുകളിലാണ് "നീറ്റ് ഫോര്‍ സെയിൽ" എന്നെഴുതിയ 'കാണ്മാനില്ല' പോസ്റ്റർ വിദ്യാർത്ഥികൾ പതിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന് പിന്നാലെ മാധവനോട് വിഷയത്തിൽ പ്രതികരിക്കാൻ നിരവധിയാളുകൾ ആവശ്യപ്പെടുന്നുണ്ട്. മകൻ വേദാന്തിന്റെ ഭാവിക്കായി ഭാര്യയോടൊപ്പം ദുബായിലേക്ക് മാറിയതിനാൽ നടൻ ഇപ്പോൾ ദുബായിലാണെന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ, ആദിത്യ ധാറിന്റെ ധുരന്ധർ എന്ന സിനിമയിലെ അജിത് ഡോവൽ എന്ന കഥാപാത്രത്തിലാണ് നടൻ ഇപ്പോഴുമുള്ളതെന്നും അതുകൊണ്ടാണ് ഒളിവിൽ കഴിയുന്നതെന്നും മറ്റു ചിലർ പരിഹസിച്ചു. അതേസമയം, നീറ്റ് സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. നസീറുദ്ദീൻ ഷാ, ദിൽജിത് ദോസാഞ്ച്, അരിജിത് സിംഗ് തുടങ്ങിയവർ പോലീസ് ആക്രമണത്തെ അപലപിച്ചപ്പോൾ, ശബ്ന ആസ്മി, പ്രകാശ് രാജ്, റാപ്പർ ഹനുമാൻകൈൻഡ് തുടങ്ങിയ എ-ലിസ്റ്റ് താരങ്ങൾ നേരിട്ട് സമരത്തിൽ പങ്കെടുത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ