
സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കൾ പ്രതിഫലം ചോദിക്കുന്നതെന്നും സുരേഷ് പറഞ്ഞു. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ ആയിരുന്നു നിർമാതാവിന്റെ പ്രതികരണം.
"അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററിൽ കളക്ഷനില്ല. ആളില്ല. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്", എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
ഇന്ദ്രജിത്ത് നായകനാകുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ'; പ്രഖ്യാപിച്ച് 'നിരഞ്ജൻ'
അതേസമയം, ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞിരുന്നു. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞിരുന്നു. പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്‍കയുടെ തീരുമാനം എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ