Hridayam : 'ഹൃദയ'ത്തിനായി പാട്ടും സഹസംവിധാനവും, മകനെ കുറിച്ച് ജി വേണുഗോപാല്‍

By Web TeamFirst Published Jan 19, 2022, 5:47 PM IST
Highlights

'ഹൃദയം' എന്ന ചിത്രത്തില്‍ തന്റെ മകൻ പാട്ടുപാടിയതിനെ കുറിച്ച് ഗായകൻ ജി വേണുഗോപാല്‍.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് പ്രത്യേകത. ഒരുപാട് ഗാനങ്ങളുമായാണ് ചിത്രം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ 'ഹൃദയം' എന്ന ചിത്രത്തില്‍ തന്റെ മകനും ഭാഗമായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍ (G Venugopal).

ഒരു സന്തോഷവാർത്ത നിങ്ങളുമായി പങ്കുവയ്ക്കട്ടെ എന്ന് പറഞ്ഞാണ് ജി വേണുഗോപാല്‍ കുറിപ്പ് തുടങ്ങുന്നത്. ജനുവരി 17ന് റിലീസ് ആയ വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന സിനിമയുടെ ഓഡിയോ കാസറ്റില്‍, ( അതേ, സിനിമയിലെ 15 ഗാനങ്ങൾ limited edition cassettesആയിറങ്ങുന്നു) മകൻ അരവിന്ദ് രണ്ട് ഗാനങ്ങൾ പാടുക മാത്രമല്ല,  ആദ്യവസാനം സഹസംവിധായകൻ ആയി പ്രവർത്തിക്കുകയും ചെയ്‍തിരിക്കുന്നു. സിനിമയും സംവിധാനവുമായിരുന്നു അവൻ ഐശ്ചികമായെടുത്ത് പഠിച്ച വിഷയങ്ങൾ. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ അഞ്‍ജലി മേനോന്റെ 'കൂടെ'യിൽ സഹസംവിധായകനായി  ചേരുകയായിരുന്നു.സിനിമയുടെ പിന്നണിയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എനിക്ക്, സംവിധാനം എന്നൊക്കെ പറയുന്നത് അതിസാഹസികമായ ഒരു പ്രവൃത്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by G Venugopal (@g.venugopal)

അവൻ പറഞ്ഞു കേട്ട സിനിമയുടെ കാതലായ വശങ്ങൾ, ആസ്വാദന തലങ്ങൾ, ഇതൊക്കെ എന്നെയും ശരാശരിക്ക് മേലുള്ള ഒരു സിനിമാ പ്രേക്ഷകനാക്കി മാറ്റിക്കാണാം. അവനോടൊപ്പം സിനിമ കാണാൻ വലിയ ഇഷ്‍ടമാണ്. എന്റെ ഇടയ്ക്കിടയ്ക്കുള്ള ചോദ്യങ്ങൾക്ക് അവൻ സമയമെടുത്ത് ഉത്തരം തരുമ്പോൾ, എനിക്കെന്റെ അച്ഛനോടും, അച്ഛന് തിരിച്ചും, ഇത്തരത്തിലുള്ള ഒരു ക്ഷമയും സൗഹൃദവുമുണ്ടായിട്ടില്ലല്ലോ എന്ന് നിരാശയോടെ ഓർക്കും. 'ഹൃദയ'ത്തിൽ ആദ്യാവസാനം വരുന്ന 'നഗുമോ' എന്ന ശാസ്‍ത്രീയ കീർത്തനമാണ് അരവിന്ദ് രണ്ട് സിറ്റുവേഷനുകളിൽ രണ്ട് രീതിയിൽ പാടിയിട്ടുള്ളത്.

പാട്ട് അവൻ പഠിച്ചിട്ടില്ല. അത് ഫ്രീ ആയി ഞങ്ങളുടെ പറവൂർ താഴത്ത് വീട്ടിൽ നിന്ന് കിട്ടിയതാണ്.  കീർത്തനം സിനിമയിൽ ഒരു 'contemporary light format' ലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്റെ അമ്മയുൾപ്പെടെയുള്ള കർശന ശാസ്‍ത്രീയ സംഗീത ചിട്ടയും ബോധവും ഉള്ളവർ ഇതിഷ്‍ടപ്പെട്ടോളണം എന്നില്ല.
അവന്റെ സംഗീതത്തിലെ തെറ്റുകുറ്റങ്ങൾ നിങ്ങൾ പൊറുക്കുമെന്നാണ് പ്രതീക്ഷയെന്ന് എഴുതുന്ന ജി വേണുഗോപാല്‍ 'ഹൃദയ'ത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

click me!