Asianet News MalayalamAsianet News Malayalam

Joju George| ജോജു വിവാദം ഒത്തുതീര്‍പ്പിലേക്ക്, പ്രശ്‍നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന ഡിസിസി പ്രസിഡന്‍റ്

ഇരുവിഭാ​ഗവും തെറ്റുകള്‍ സമ്മതിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. ജോജുവിന് വേണ്ടി സംസാരിച്ചത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളാണ്. 

Joju George controversy may settle soon dcc president says
Author
Kochi, First Published Nov 4, 2021, 2:31 PM IST

കൊച്ചി: നടൻ ജോജു ജോര്‍ജിന്‍റെ ( Joju George ) വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒത്തുതീർപ്പ് നീക്കവുമായി കോൺഗ്രസ് (congress). കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്‍റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘർഷങ്ങളും നടന്നയിടത്താണ് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ലഡു വിതരണം ചെയ്തു. 

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകണം. അതല്ലെങ്കിൽ തെരുവിൽ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോൺഗ്രസ് പ്രതിനിധികൾ കൂട്ടിച്ചേർത്തു. 

ഇന്ധന വിലകുറച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലക്ക് പുറമേ കോട്ടയത്തും യൂത്ത് കോൺഗ്രസ്  മധുര വിതരണം ചെയ്തു. ഗാന്ധി സ്ക്വയറിൽ വാഹന യാത്രക്കാർക്കും വഴി യാത്രക്കാർക്കും മിഠായിയും ലഡുവും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ സമര വിജയമെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. ദീപാവലി തലേന്ന് ഉണ്ടായത് തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാർ നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. 

അതേസമയം നടൻ ജോജുവിന്റെ വാഹനം തകർത്ത കേസിലെ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവർ രണ്ട് ദിവസമായി വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. 

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്.

മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വരികയായിരുന്നു. തുടര്‍മ വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിച്ചു.

Follow Us:
Download App:
  • android
  • ios