
'അറിയാല്ലോ ഇത് മമ്മൂട്ടിയാണ്', ഈ വാക്കുകളാണ് സമീപകാലത്ത് സോഷ്യൽ മീഡിയയിലെ താരം. മമ്മൂട്ടി എന്ന നടൻ തിരശ്ശീലയിൽ തീർക്കുന്ന മഹാനടനം തന്നെയാണ് അതിന് കാരണം. മറ്റൊരു നടനാലും പകർന്നാടാൻ സാധിക്കാത്ത തരത്തിലുള്ള പ്രകടനങ്ങളാണ് മമ്മൂട്ടി തന്റെ എഴുപത്തി രണ്ടാമത്തെ വയസിൽ സ്ക്രീനിൽ കാണിക്കുന്നത്. ആ അതുല്യ കലാകാരന്റെ പകർന്നാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ഭ്രമയുഗം'. രണ്ട് ദിവസം മുൻപ് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രകടനങ്ങൾ കൊണ്ട് തരംഗം തീർത്തുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ചിത്രം കാണാൻ എത്തുന്ന കാണികളിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്.
കേരളത്തിൽ മാത്രമല്ല, ഭ്രമയുഗം റിലീസ് ചെയ്യപ്പെട്ട എല്ലാ രാജ്യങ്ങളിലും മികച്ച സ്ക്രീൻ കൗണ്ടോടെ, മികച്ച ബുക്കിങ്ങിലൂടെയാണ് പ്രദർശനം തുടരുന്നത്. ഈ അവസരത്തിൽ ജിസിസിയിലെ ഷോകളുടെ എണ്ണം പുറത്തുവരികയാണ്. 750ൽപരം സ്ക്രീനുകളിലാണ് ഇവിടങ്ങളിൽ മൂന്നാം ദിനം ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. അതും വെറും മൂന്ന് ദിവസത്തിലാണ്. ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ ജിസിസിയിൽ പുതിയ റെക്കോർഡിടാൻ ഭ്രമയുഗത്തിന് സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവില്‍ 35ഓളം രാജ്യങ്ങളില്‍ ഭ്രമയുഗം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
രണ്ട് ദിവസം കൊണ്ട് 5.45 കോടിയാണ് കേരളത്തിൽ നിന്നും ഭ്രമയുഗം നേടിയത്. വേൾഡ് വൈഡ് പത്ത് കോടിയ്ക്ക് മേല്‍ വരുമെന്നാണ് ട്രാക്കർന്മാർ പറയുന്നത്. അതേസമയം, ബുക്ക് മൈ ഷോയിൽ മികച്ച റേറ്റിംഗ് ആണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 9.2 ആണ് റേറ്റിംഗ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഒരു മണിക്കൂറിൽ 7.23 കെയും. ഇന്നും നാളെയും അവധി ദിവസങ്ങളാണ്(ശനി, ഞായർ). അതുകൊണ്ട് തന്നെ ഈ രണ്ട് ദിവസവും മികച്ച കളക്ഷൻ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ ഭ്രമയുഗം 30 കോടി തൊടുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഇത് മമ്മൂട്ടി യുഗത്തിന്റെ തുടർച്ച; ഞെട്ടിച്ച് അർജുനും സിദ്ധാര്‍ത്ഥും; 'ഭ്രമയുഗം' റിവ്യു
ഫെബ്രുവരി 15നാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ച് കഥാപാത്രങ്ങളാണ് ആകെ ഉള്ളത്. ഒപ്പം ഒരു സർപ്രൈസ് കഥാപാത്രവും. മമ്മൂട്ടിക്കൊപ്പമുള്ള സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. കൊടുമന്‍ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്‍റെ പേര്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..