
തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകൾ ഏറെ ആവേശത്തോടെ ആണ് സിനിമാസ്വാദകർ ഏറ്റെടുത്തത്. പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരുവർഷത്തിന് ശേഷം 'ജെൻ്റിൽമാൻ 2'വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓസ്കർ ജേതാവ് എം എം. കീരവാണിയാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ' ആഹാ കല്യാണം' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുൽ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീത സംവിധായകന്‍ കീരവാണി, ഗാനരചയിതാവ് വൈരമുത്തു, കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമാൻ അജയൻ വിൻസെന്റ്, എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയിൽ ആരംഭിക്കും.
തമിഴ് - തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ യുവ താരം ചേതൻ ചീനു ആണ് ചിത്രത്തിലെ നായകൻ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മലയാളികളുടെ പ്രിയ താരം നയൻതാര ചക്രവർത്തി ആകും ചിത്രത്തിലെ നായിക എന്നും വിവരം ഉണ്ടായിരുന്നു.
'രാഹുലിനെ വിവാഹം കഴിക്കാം, പക്ഷേ ഒരു കണ്ടീഷൻ'; ഷെര്‍ലിന്‍ ചോപ്ര
1993ൽ റിലീസ് ചെയ്ത ചിത്രമാണ് ജെന്റില്‍മാന്‍. അര്‍ജുനെ നായകനാക്കി ഷങ്കര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 30 വർഷങ്ങൾക്ക് ശേഷം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും കുഞ്ഞുമോന്‍ നേരത്തെ അറിയിച്ചിരുന്നു.