
ന്യൂയോര്‍ക്ക്: ആദ്യചിത്രമായ ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ ലോകമെങ്ങും ആരാധകരെ നേടിയ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്‍ലി ഹാട്ടിലിനെ സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരി ആക്കിയത്. അച്ഛന്‍ ജോഷ്വ ഹാട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് മകളുടെ മരണ വിവരം അറിയിച്ചത്. പിന്നീട് ടിഎംസിയോടും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ എമര്‍ജന്‍സി റെസ്പോണ്ടേഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ കെയ്ലിയുടെ ഹൃദയം നിലച്ചിരുന്നുവെന്നും അച്ഛന്‍ അറിയിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കെയ്‍ലി ഹാട്ട്ല്‍ പഠിച്ചിരുന്ന ദി ടെക്സാസ് സ്കൂള്‍ ഫോര്‍ ദി ഡെഫും തങ്ങളുടെ പ്രിയ വിദ്യാര്‍ഥിയുടെ മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. തലമുറകളായി ബധിരതയെ നേരിടുന്ന കുടുംബമായിരുന്നു കെയ്ലിയുടേത്. അച്ഛന്‍ ജോഷ്വയും ബധിരനാണ്.
അരങ്ങേറ്റ ചിത്രമായിരുന്ന 2021 ചിത്രം ഗോഡ്സില്ല വേഴ്സസ് കോംഗിലും ബധിരയും അനാഥയുമായ ജിയ എന്ന കഥാപാത്രത്തെയാണ് കെയ്ലി അവതരിപ്പിച്ചത്. കോംഗുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്ന ജിയ ചിത്രത്തിന്‍റെ വൈകാരികമായ പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു. ഇതേ കഥാപാത്രത്തെ 2024 ല്‍ പുറത്തിറങ്ങിയ ഗോഡ്സില്ല വേഴ്സസ് കോംഗ്: ദി ന്യൂ എമ്പയര്‍ എന്ന ചിത്രത്തിലും കെയ്ലി അവതരിപ്പിച്ചു. ഇതിലെ അഭിനയവും പ്രേക്ഷകരുടെ കൈയടി നേടി. ഒരു യുവ അഭിനേതാവിന്‍റെ മികച്ച പ്രകടനത്തിനുള്ള സാറ്റേണ്‍ അവാര്‍ഡ് നോമിനേഷനും ചിത്രത്തിലെ പ്രകടനത്തിലൂടെ കെയ്ലി ഹാട്ട്ല്‍ നേടിയിരുന്നു. ബധിരരായ മനുഷ്യരുടെ ബിഗ്സ്ക്രീനിലെ യഥാതഥ പ്രതിനിധീകരണമായും ലോകമെങ്ങുമുള്ള ബധിരരായ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പ്രചോദനവുമായാണ് കെയ്ലി ഹാട്ട്ല്‍ വിലയിരുത്തപ്പെടുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ