Golden Globes 2022 : ഗോള്‍ഡന്‍ ഗ്ലോബില്‍ 'പവര്‍ ഓഫ് ദ് ഡോഗ്' മികച്ച ചിത്രം; 'സക്സഷന്‍' മികച്ച സിരീസ്

By Web TeamFirst Published Jan 10, 2022, 1:03 PM IST
Highlights

പകിട്ടില്ലാതെ പുരസ്‍കാര പ്രഖ്യാപനം

79-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‍കാരങ്ങള്‍ (Gloden Globes 2022) പ്രഖ്യാപിച്ചപ്പോള്‍ വെസ്റ്റേണ്‍ സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം 'പവര്‍ ഓഫ് ദ് ഡോഗി'ന് നേട്ടം. ജെയിന്‍ കാംപ്യന്‍ സംവിധാനം ചെയ്‍ത ചിത്രത്തിനാണ് മികച്ച ഡ്രാമാ ചിത്രത്തിനുള്ള പുരസ്‍കാരം. ജെയിന് മികച്ച സംവിധാനത്തിനുള്ള പുരസ്‍കാരവും കൊഡി സ്‍മിത്ത് മക്ഫീക്ക് മികച്ച സഹനടനുള്ള പുരസ്‍കാരവും ചിത്രം നേടിക്കൊടുത്തു. ഗോള്‍ഡന്‍ ഗ്ലോബിന്‍റെ ചരിത്രത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ഒരു സംവിധായികയുടെ സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടുന്നത്.

മികച്ച മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡിക്കുള്ള പുരസ്‍കാരം സ്റ്റീവന്‍ സ്‍പില്‍ബര്‍ഗിന്‍റെ മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ 'വെസ്റ്റ് സൈഡ് സ്റ്റോറി'ക്കാണ്. മികച്ച നടിക്കുള്ള പുരസ്‍കാരം (മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി) ഇതേ ചിത്രത്തിലെ പ്രകടനത്തിന് റേച്ചല്‍ സെഗ്ലറിനാണ്. മികച്ച സഹനടിക്കുള്ള പുരസ്‍കാരം വെസ്റ്റ് സൈഡ് സ്റ്റോറിയിലെ തന്നെ പ്രകടനത്തിന് അരിയാന ഡിബോസിനാണ്. എച്ച്ബിഒയുടെ സിരീസ് 'സക്സഷനാ'ണ് മികച്ച ടെലിവിഷന്‍ ഡ്രാമ. മികച്ച നടനും നടിക്കുമുള്ള പുരസ്‍കാരങ്ങളും (സിരീസ്) ഇതേ സിരീസിലെ പ്രകടനത്തിന് ജെരമി സ്ട്രോംഗും സാറ സ്‍നൂക്കും നേടി.

നടത്തിപ്പിലെ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പകിട്ടില്ലാത്ത അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണ. പല പ്രധാന ഹോളിവുഡ് സ്റ്റുഡിയോകളും നിസ്സഹകരണം പ്രഖ്യാപിച്ച ഇത്തവണത്തെ ഗോള്‍ഡന് ഗ്ലോബിന് ടെലിവിഷനില്‍ ലൈവ് സംപ്രേഷണവും ഉണ്ടായിരുന്നില്ല. 

പ്രധാന പുരസ്‍കാരങ്ങള്‍

മികച്ച ചിത്രം (ഡ്രാമ)- ദ് പവര്‍ ഓഫ് ദ് ഡോഗ്

മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- വെസ്റ്റ് സൈഡ് സ്റ്റോറി

മികച്ച നടി (ഡ്രാമ ചിത്രം)- നിക്കോള്‍ കിഡ്‍മാന്‍ (ബീയിംഗ് ദ് റിക്കാഡോസ്)

മികച്ച നടന്‍ (ഡ്രാമ ചിത്രം)- വില്‍ സ്‍മിത്ത് (കിംഗ് റിച്ചാര്‍ഡ്)

മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- റേച്ചല്‍ സെഗ്ലര്‍ (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് (ടിക്ക്, ടിക്ക്... ബൂം!)

മികച്ച സഹനടി- അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)

മികച്ച സഹനടന്‍- കൊഡി സ്‍മിത്ത് മക്ഫീ (ദ് പവര്‍ ഓഫ് ദ് ഡോഗ്)

മികച്ച സംവിധാനം (സിനിമ)- ജെയിന്‍ കാംപ്യന്‍ (ദ് പവര്‍ ഓഫ് ദ് ഡോഗ്)

മികച്ച തിരക്കഥ (സിനിമ)- കെന്നെത്ത് ബ്രനാ (ബെല്‍ഫാസ്റ്റ്)

click me!