മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രമാണ് ആശകള്‍ ആയിരം.
23 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ചിത്രം. ഇതാണ് ആശകൾ ആയിരം എന്ന സിനിമയുടെ പ്രധാന യുഎസ്പി. ഒരു ഫാമിലി എന്റർടെയ്നറാകും സിനിമയെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. അത് തന്നെയാണ് ആശകള്‍ ആയിരവും. ഒരു പക്കാ ഫാമിലി- ഫീല്‍ ഗുഡ് എന്റർടെയ്നർ. ജയറാമിന്റെ ഏറ്റവും സ്ട്രോങ്ങായ ഏരിയയാണ് ഫാമിലി ഓഡിയൻസ്. അവരിലേക്ക് അതിശക്തമായി തന്നെ അദ്ദേഹം തിരിച്ചുവന്നിരിക്കുകയാണ് ചിത്രത്തിലൂടെ.
കലാം നഗറിൽ താമസിക്കുന്ന ഒട്ടേറെ ആഗ്രഹങ്ങളുള്ള, ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ആശകൾ ആയിരം. ഹരിഹരൻ, ആശ, അജീഷ് ഹരിഹരൻ, ഒരുമകൾ എന്നിവരാണ് കുടുംബാംഗങ്ങൾ. പലവീടുകളിലും ഉള്ളതുപോലെ അച്ഛനും മകനും തമ്മിലുള്ള അസ്വാരസ്യങ്ങളും തർക്കങ്ങളുമെല്ലാം അജീഷും ഹരിഹരനും തമ്മിലുണ്ട്. ഈ കുടുംബത്തെയും അവരുടെ ക്യാരക്ടറുകളും റിവീൽ ചെയ്തു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. കഴിഞ്ഞ കുറേവർഷമായി മെഡിക്കൽ റപ്പായി ജോലി നോക്കുന്ന ആളാണ് ഹരിഹരൻ. 28 വയസായിട്ടും മറ്റ് ജോലിക്കൊന്നും പോകാതെ സിനിമ എന്ന സ്വപ്ന ലോകത്തേക്ക് എത്തിപ്പെടാൻ പാടുപെടുന്നാരാളാണ് അജീഷ്. ഇതിനോട് അച്ഛന് വിയോജിപ്പാണ്.

ഇവരുടെ ഇടയിൽ നിൽക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്നത് അമ്മയാണ്. എന്നാൽ ഇടയിൽ വച്ച് അപ്രതീക്ഷിതമായി ഹരിഹരന് അഭിനയിക്കാൻ അവസരം ലഭിക്കുന്നു. ഇതോടെ കഥ മറ്റൊരു വഴിയിലേക്ക് തിരിയുകയാണ്. നടനാകണമെന്ന ആഗ്രഹവും പേറി നടന്നൊരു മനുഷ്യന് മധ്യവയസിൽ കിട്ടിയൊരു അവസരം പിന്നീട് ആ കുടുംബത്തെയും അച്ഛൻ- മകൻ ബന്ധത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഫസ്റ്റ് ഹാഫ് രസകരമായാണ് മുന്നോട്ട് പോയതെങ്കിലും സെക്കന്റ് ഹാഫ് ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിക്കുന്ന രംഗങ്ങളാൽ മുഖരിതമായിരുന്നു. ഈ ഇമോഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
ഹരിഹരനായി ജയറാം എത്തുമ്പോൾ, അജീഷായെത്തുന്നത് കാളിദാസ് ആണ്. ആശ ശരത്താണ് അമ്മ. മൂവരും അവരവരുടെ വേഷങ്ങൾ അതിഗംഭീരമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും സ്നേഹവും എല്ലാം ജയറാമും കാളിദാസും അനായാസേന അവതരിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും ആ ബോണ്ട് നമുക്ക് കാണാനാകും. ആ കെമിസ്ട്രി അതുപോലെ തന്നെ സ്ക്രീനിലും കിട്ടിയിട്ടുണ്ട്.
ആയിരം ആശകളിൽ എടുത്ത് പറയേണ്ടുന്ന മറ്റൊരു കഥാപാത്രം സുമിത് രാഘവൻ ആണ്. ഷറഫുദ്ദീൻ ആണ് ഈ വേഷം ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ അറിയില്ലെങ്കിലും താൻ നടനാണെന്ന അഹന്തയും ഈഗോയും തലക്കനവും മറ്റാരും തനിക്ക് മീതെ വളരരുതെന്നും നിർബന്ധ ബുദ്ധിയുള്ള നെപ്പോ കിഡ് ആണ് ഇയാൾ. ആ വേഷം ഷറഫുദ്ദീന്റെ കയ്യിൽ അതിഭദ്രമായിരുന്നു. ഇഷാനി കൃഷ്ണ കുമാറിന്റെ റിയ എന്ന വേഷവും അഖിലിന്റെ വേഷവും ശ്രദ്ധനേടിയിട്ടുണ്ട്. ഇവർക്കൊപ്പം ചെറിയ റോളിൽ വന്ന് പോയിട്ടുള്ളവരടക്കം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആശകൾ ആയിരം. തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ഇരുവരുടേയും കൂട്ടുകെട്ട് വിഫലമായില്ലെന്ന് ആയിരം ആശകൾ ഉറപ്പുനൽകുന്നുണ്ട്. സനൽ ദേവിന്റെ സംഗീതവും സിനിമയ്ക്ക് മാറ്റുകൂട്ടിയിട്ടുണ്ട്. ആകെ മൊത്തത്തിൽ പ്രേക്ഷകരുടെ മനം കവരുന്ന രംഗങ്ങൾ കൊണ്ടും ഇമോഷൻസിന്റെയും ഫാമിലി എലമെന്റ്സിന്റെയും മികച്ച രീതിയിലുള്ള അവതരണം കൊണ്ടും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലാൻ ‘ആശകൾ ആയിര’ത്തിന് സാധിച്ചിട്ടുണ്ട്.



