'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു'; സര്‍ക്കാര്‍ തലത്തില്‍ സാധ്യമായ പിന്തുണയുണ്ടെന്ന് ബ്ലെസി

By Web TeamFirst Published Apr 19, 2020, 11:38 AM IST
Highlights

'സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുണ്ട്. ഇവിടുത്തെ ഇന്ത്യന്‍ അംബാസിഡറും അദ്ദേഹത്തിന് കീഴിലുള്ള സെക്രട്ടറിമാരുമെല്ലാം ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്..'

കൊറോണയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ അകപ്പെട്ടതാണ് സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെട്ട ചിത്രീകരണസംഘം. ഒന്‍പത് ദിവസം നീണ്ട ചിത്രീകരണത്തിന് പിന്നാലെ അധികൃതര്‍ ഷൂട്ടിംഗിനുള്ള അനുമതി റദ്ദാക്കുകയായിരുന്നു. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് നിലവില്‍ ക്യാമ്പിലുള്ളതെന്ന് പറയുന്നു ബ്ലെസി. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാടാക്കിയിരുന്നതുകൊണ്ട് അക്കാര്യങ്ങളില്‍ ഇതുവരെ ബുദ്ധിമുട്ടുകളില്ലെന്നും നാട്ടില്‍ നിന്ന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്‍പ്പെടെ പിന്തുണ കിട്ടുന്നുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറയുന്നു.

"സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുണ്ട്. ഇവിടുത്തെ ഇന്ത്യന്‍ അംബാസിഡറും അദ്ദേഹത്തിന് കീഴിലുള്ള സെക്രട്ടറിമാരുമെല്ലാം ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവരെല്ലാം ഞങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. സുരേഷ് ഗോപിയും മോഹന്‍ലാലും ബി ഉണ്ണികൃഷ്‍ണനും ഇടവേള ബാബുവും രഞ്ജിത്തും അനിലും മറ്റു സിനിമാ സംഘടനാ ഭാരവാഹികളുമൊക്കെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. സാധ്യമായതൊക്കെ അവര്‍ ചെയ്യുന്നുണ്ട്", ബ്ലെസി പറയുന്നു

വിഷു ദിവസം ഇന്‍‌സ്റ്റഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷത്തെ വിഷു അനുഭവം പറഞ്ഞ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ബ്ലെസിയും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിഷുവും ഈസ്റ്ററുമൊക്കെ തങ്ങള്‍ ക്യാമ്പില്‍ ആഘോഷിച്ചെന്നും ബ്ലെസി പറയുന്നു. "കലാസംവിധായകന്‍ പ്രശാന്ത് മാധവും സംഘവും കൊന്നപ്പൂ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ തുണി കൊണ്ടും മറ്റും ഉണ്ടാക്കി കണിയൊരുക്കി. പായസമുള്‍പ്പെടെയുള്ള വിഷു സദ്യയും ഒരുക്കിയിരുന്നു." ദു:ഖവെള്ളി ദിനത്തില്‍ 'കുരിശിന്‍റെ വഴി'യും ഒരുക്കിയെന്നും ബ്ലെസി പറയുന്നു.

click me!