
നാടകപ്രവര്‍ത്തകന്‍ കൂടിയായ സന്തോഷ് കീഴാറ്റൂരിന്‍റെ ശ്രദ്ധേയ വേഷങ്ങളിലൊന്ന് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലേത് ആയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല ചിത്രത്തില്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അച്ഛന്‍ വേഷത്തിലായിരുന്നു സന്തോഷ്. ഇപ്പോഴിതാ ലോക്ക് ഡൗണുമായി വീട്ടിലിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ മോഹന്‍ലാലിന്‍റെ ഫോണ്‍ കോളിനെക്കുറിച്ച് പറയുകയാണ് സന്തോഷ് കീഴാറ്റൂര്‍. താന്‍ ഇടയ്ക്ക് പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ പോലും ഓര്‍മ്മയില്‍ നിന്നെടുത്തു ചോദിച്ചപ്പോള്‍ അത്ഭുതപ്പെട്ടെന്നും ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്‍റെ കുശലാന്വേഷണത്തെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍
ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ (പുലിമുരുകൻ) അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. മലയാളത്തിന്‍റെ അഭിമാനം, പത്മശ്രീ മോഹൻലാൽ, നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറെ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടന്‍റെ മനസ്സിലൊക്കെ എന്നെപ്പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക എന്നതിൽപ്പരം സന്തോഷം എന്താ വേണ്ടത്.
എന്‍റെ സ്വപ്നപദ്ധതിയെപ്പറ്റി (നാടക ആംഫി തീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിർമ്മാണത്തെപ്പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെക്കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.. ലവ് യൂ ലാലേട്ടാ. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ, ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാരെ, ,റാമിനെ, എമ്പുരാനെ, ബറോസിനെ.. അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻ ചേട്ടൻ, സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ.. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ