
കണ്ണൂർ : സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി. മൂന്നര കൊല്ലം മുമ്പ് സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിർമാതാക്കൾ ആക്ഷേപം ഉന്നയിച്ചിട്ടും ഒരു സെറ്റിൽ പോലും റെയ്ഡ് നടത്താനോ കേസ് എടുക്കാനോ പൊലീസിനോ എക്സൈസിനോ കഴിഞ്ഞില്ല. ചില നടൻമാരെ ലക്ഷ്യമിട്ടുള്ള ഭീഷണി തന്ത്രത്തിനപ്പുറം രേഖാമൂലം പരാതി നൽകാനോ, തെളിവ് നൽകാനോ ആരോപണം ഉന്നിയിച്ച സിനിമ സംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല.
'മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കേന്ദ്രമാണ് സിനിമാമേഖലയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വ്യക്തമായ തെളിവുകളും പരാതിയും സർക്കാരിന് മുന്നിൽ ഹാജരാക്കണം. പറഞ്ഞവർ ബാധ്യതപ്പെട്ടവരാണ്'- ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഷെയ്ൻ നിഗം വിവാദം കത്തി നിൽക്കെ അന്നത്തെ സിനിമ മന്ത്രി എ കെ ബാലൻ നടത്തിയ പ്രഖ്യാപനമാണിത്. സിനിമ സെറ്റിൽ അടിമുടി മയക്കുമരുന്നാണെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ കർശന നടപടിയെന്നുമായിരുന്നു ഉറപ്പ്.
മൂന്നര വർഷത്തിനിപ്പുറം ഇതേ നടനെതിരെ സമാന ആരോപണവും വിലക്കുമായെത്തുകയാണ് ഇതേ നിർമാതാക്കൾ, അന്ന് ഒരു നടനെതിരെയായിരുന്നത് ഇപ്പോൾ രണ്ടുപേർക്കെതിരെ ആയി എന്ന് മാത്രം. സിനിമ സെറ്റിൽ മയക്കുമരുന്നിന്‍റെ അതിപ്രസരമാണെന്ന് നടൻമാരും നിർമാതാക്കളും സംവിധായകരും ഒരുപോലെ സമ്മതിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സെറ്റുകളിൽ ഒറ്റ റെയ്ഡ് പോലും നടത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവരം അപ്പപ്പോൾ നൽകിയാൽ മാത്രമാണ് റെയ്ഡ് നടത്തിയത് കൊണ്ട് പ്രയോജനം. എന്നാൽ ആരോപണവും വിലക്കുമെല്ലാം പ്രഖ്യാപിക്കുന്നവരാരും ഇതിന് തയാറല്ല.
സിനിമ സെറ്റിന്‍റെ ഒരു ദിവസത്തെ നടത്തിപ്പ് ചെലവ് 3 മുതൽ അഞ്ച് ലക്ഷം രൂപവരെയാണ്. മയക്ക് മരുന്ന് പരാതികൾ നൽകി സെറ്റിൽ റെയ്ഡ് നടന്നാൽ ഷൂട്ടിംഗ് മുടങ്ങും. അത്തരം ഒരു സാഹസത്തിന് ഒരു നിർമാതാവും മുതിരില്ല എന്നാണ് സ്നിമ രംഗത്തുള്ളവർ പറയുന്നത്. അങ്ങനെയെങ്കിൽ ലിസ്റ്റ് കൈമാറുമെന്നതെന്നും പരാതി നൽകുമെന്നുമുള്ളത് വെറും ഡയലോഗ് മാത്രമാകാനാണ് സാധ്യത.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ