
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഈ വർഷത്തെ സംസ്ഥാന പുരസ്കാരത്തിൽ ഹോമിന് അവാർഡ് ലഭിച്ചാൽ അത് വാങ്ങുവാൻ വരുന്നത് ആരോപിതനായ വിജയ് ബാബു ആയിരിക്കും. ഈ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പ്
ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് 2021-ലെ നല്ല സിനിമക്കുള്ള അവാർഡ് കൊടുത്താൽ അത് മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് വാങ്ങാൻ വരുക അതിന്റെ നിർമ്മാതാവായ ലൈഗിക പീഡനത്തിൽ ആരോപണ വിധേയനായ വിജയ് ബാബുവാണ്. അത് ആദർശ രാഷ്ട്രിയത്തെ കളങ്ക പെടുത്താൻ സാധ്യതയുണ്ട് എന്ന് ജൂറി അടിമകൾ കണ്ടെത്തിയാലും.
ചിലപ്പോൾ അങ്ങിനെയൊന്നും നോക്കിയാൽ ഇവിടെ ജീവിക്കാൻ പറ്റില്ലാ എന്ന് നമ്മളെ സ്വന്തം ശശിയേട്ടൻ പറഞ്ഞാൽ തിരുവായക്ക് എതിർവായ് ഉണ്ടാവാൻ സാധ്യതയില്ലാതില്ല. ഇനി ഒരു സമവായമാണ് ലക്ഷ്യമെങ്കിൽ ഇന്ദ്രസേട്ടനെ നല്ല നടനാക്കി ഈ പ്രശ്നം പരിഹരിച്ചാൽ ആർക്കും പരാതിയുണ്ടാവില്ല.
മൂപ്പരാണെങ്കിൽ അവാർഡ് കമ്മറ്റിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ചലച്ചിത്ര അക്കാദമിയിലെ സ്ഥാനം ഒഴിയാനുള്ള വിശാല മനസ്ക്കതയും കാണിച്ചിട്ടുണ്ട്. എളിമയുടെ രാജകുമാരൻ..ഉമ്മ. സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ (എനിക്കറിയില്ലാ) അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഘം ചെയ്തത്. ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും. പാവം ബുദ്ധിജീവികൾ. ഇര ആരാണെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ.
വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ (Vijay Babu) ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പോലീസ് കേസെടുത്തു.
ലഹരി വസ്തുക്കൾ നൽകി അർദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വിജയ് ബാബു പീഡനം തുടർന്നതായും യുവതി പറഞ്ഞു.
വിജയ് ബാബുവിനെതിരെ വീണ്ടും പരാതി നൽകി പീഡനത്തിനിരയായ യുവതി; പൊലീസ് വീണ്ടും കേസെടുത്തു
'മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും'; അഖിൽ മാരാർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ